Friday, September 3, 2010
ഒരു പ്രാവിന്റെ കുറുകൽ കേട്ടുവോ..............
"ഒരു മധുര ഗാനം
നിനക്കായി നൂറ്റു ഞാന്‍
മധുരമൊരു പ്രാവിന്റെ-
ഉച്ച കുറുകല്‍ പോല്‍"
(വീഞ്ഞാറിനുള്ള പാട്ട് )
_leopold sedar snghor
കളിക്കുന്നതിനിടയില്‍ മെഹ്‌റുന്നിസയെ (നൂര്‍ജഹാന്‍) സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച രണ്ടു പ്രാവുകളില്‍ ഒന്നിനെ കാണാതായപ്പോള്‍ സലിം രാജകുമാരന്‍ ദേഷ്യം കൊണ്ട് വിറച്ചു,ഞരമ്പുകള്‍ വലിഞ്ഞു മുറുകി, മുഖം ചുവന്നു തുടുത്തു, ഒരു ഭാവ വ്യത്യാസവും ഇല്ലാതെയിരിക്കുന്ന പെണ്‍കുട്ടിയോട് രാജകുമാരന്‍ അലറികൊണ്ട് ചോദിച്ചു.
"ഒരു പ്രാവ് എങ്ങിനെ പറന്നു പോയി"
പെണ്‍കുട്ടി ചെറുതായി പുഞ്ചിരിച്ചു,പിന്നെ കൈയ്യിലിരുന്ന പ്രാവിനെയും പറത്തി കൊണ്ട് പറഞ്ഞു.
"ഇതാ ഇങ്ങിനെ"
ഒരു നിമിഷം, രോഷം കൊണ്ടിരുന്ന രാജകുമാരന്റെ മനസ്സില്‍ പെണ്‍കുട്ടി ഒരു പ്രാവായ്............. പ്രണയമായ് പറന്നിറങ്ങി...........(പിന്നെയത് അനിഷ്ടകരമായ ചരിത്രമായത് നമുക്കറിയാം.)
കൊളുംബിഡേ (columbidae) പക്ഷി കുടുംബത്തില്‍പ്പെടുന്ന (ശാസ്തീയ നാമം കൊളുംബാ ലിവിയ -Columba livia)300-ഓളം ജാതി (സ്പീഷീസ്) പ്രാവുകൾ പ്രകൃതിയിൽ ഉണ്ട്. അല്പം തടിച്ച ശരീരവും കുറുകിയ കഴുത്തും ചെറിയ, മെലിഞ്ഞ കാലുകളും അല്പം തടിച്ച ചുണ്ടുകളും ആണ് പ്രാവുകൾക്ക്. കമ്പുകള്‍ കൊണ്ടാണ് കൂടുകള്‍ നിര്‍മ്മിക്കുക. മുട്ടയിട്ടു കഴിഞ്ഞാല്‍ ആണ്‍കിളിയും പെണ്‍കിളിയും മാറി മാറി അടയിരിക്കും.മുട്ട വിരിഞ്ഞു കുഞ്ഞ് പൂര്‍ണമായും പുറത്തായാലുടന്‍ മുട്ടത്തോട് കൂട്ടില്‍ നിന്ന് മാറ്റും.
ശ്രീലങ്ക, മ്യാന്മര്‍ എന്നിവിടങ്ങളിലും ഇന്ത്യയിലെ അസമിലും കേരളത്തിലും സര്‍വ്വ സാധാരണമായി കണ്ടുവരുന്ന പക്ഷിയാണിത്. അമ്പലങ്ങള്‍, പള്ളികള്‍, പഴയ മാളികവീടുകള്‍, കോട്ടകള്‍ എന്നിവിടങ്ങളില്‍ കൂട്ടമായി കൂടുകെട്ടി താമസിക്കുന്ന പ്രാവുകളെ പട്ടണങ്ങളിലെയും കുഗ്രാമങ്ങളിലെയും വീടുകളില്‍ വരെ കണ്ടുവരുന്നു. പ്രാവുകൾ ലോകമെമ്പാടും ഉണ്ട്. ഇന്തോമലയ , ആസ്ത്രലേഷ്യ ജൈവവ്യവസ്ഥകളിലാണ് പ്രാവുകൾ ഏറ്റവും കൂടുതൽ ഉള്ളത്. വിത്തുകൾ, പഴങ്ങള്‍ മറ്റ് മൃദുവായ സസ്യാഹാരങ്ങള്‍ എന്നിവയാണ് ആഹാരം. ഇത് കുഞ്ഞുങ്ങള്‍ക്ക് ദഹിക്കുകയില്ല അത്കൊണ്ട് പ്രാവിൻ കുഞ്ഞുങ്ങൾക്ക് ആഹാരമായി ആൺപ്രാവും പെൺപ്രാവും ധാന്യപ്പാൽ (ക്രോപ് മിൽക്ക്) എന്ന പോഷകാഹാര സമൃദ്ധമായ പദാർത്ഥം പുറപ്പെടുവിക്കുന്നു.
പ്രാവുകളെ സമധാനത്തിന്റെ പ്രതീകങ്ങളായി കരുതപെടുന്നു.പുരാതന കാലം മുതൽ സന്ദേശവാഹകരായി മനുഷ്യർ പ്രാവുകളെ ഉപയോഗപെടുത്തിയിരുന്നു.രണ്ടാം ലോകയുദ്ധകാലത്ത് ചെയ്ത സേവനങ്ങൾക്ക് 32 പ്രാവുകൾക്ക് കീർത്തി മുദ്ര നൽകിയിട്ടുണ്ട്.ദൂതു പോകുന്ന പ്രാവുകളെ"കാരിയർ പീജിയൻ"(carrier pigeos)എന്നു വിളിക്കപെടുന്നു.
ഒളിമ്പിക്‌സ് സംഘാടകര്‍ , ചെങ്കിസ്ഖാന്‍ , ടിപ്പു സുല്‍ത്താന്‍ ഇവരൊക്കെ ഈ പക്ഷിത്തപാല്‍ ഉപയോഗിച്ചിരുന്നു. റോയിട്ടേഴ്സ് പ്രസ് ഏജൻസി സ്ഥാപിച്ച പോൾ റോയിട്ടർ ഒരു സമയത്ത് ഈ പക്ഷിത്തപാൽ (45 എണ്ണം) ഉപയോഗിച്ചിരുന്നു. 21 ആം നൂറ്റാണ്ടിന്റെ തുടക്കംവരെ ഇന്ത്യയിലും പക്ഷിത്തപാൽ സർവ്വീസ് നടന്നിരുന്നു. ഒറീസയിലെ, യാത്രക്കെളുപ്പമല്ലാത്ത സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന ചില പോലീസ് വകുപ്പുകൾ, പ്രകൃതിക്ഷോഭങ്ങളിലും മറ്റും ഉണ്ടാകുന്ന അടിയന്തരഘട്ടങ്ങളിൽ പക്ഷിത്തപാൽ ഉപയോഗിച്ചിട്ടുണ്ട്. ഈ 'പോലീസ് പീജിയന്‍ സർവ്വീസ്' വിരമിച്ചതായുള്ള പ്രഖ്യാപനം വന്നത് 2002 മാർച്ചിലാണ്.
പുച്ചകളെ പൊല തന്നെ തിരിച്ചു തന്റെ വീട്ടിലേക്കെത്താനുളള കഴിവ് പ്രാവിനു നൈസർഗികമാണ്. ഇതിനെ "ഭൂപടം-വടക്കുനോക്കിയന്ത്രം" മാതൃകയെന്നു പല ഗവേഷകരും വിളിക്കുന്നു. "മാഗ്‌നറ്റോസെപ്ഷന്‍" (കാന്തികക്കാഴ്ച ) സാധ്യമാക്കുന്ന ന്യൂറോ സംവിധാനംപ്രാവുകളിലുണ്ട് .(ഇവറ്റകളെ വഴി തെറ്റിക്കാൻ തലയിൽ കാന്തം പിടിപ്പിച്ചാൽ മതിയത്രേ)
പ്രമുഖ മതങ്ങളില്‍ പ്രാവുകളെ കുറിച്ച് പരാമര്‍ശമുണ്ട് . ബൈബിളില്‍ ഇങ്ങിനെ പറയുന്നു "ഭൂമിയിൽ വെള്ളം കുറഞ്ഞുവോ എന്നു അറിയേണ്ടതിന്നു അവൻ ഒരു പ്രാവിനെയും തൻറെ അടുക്കൽനിന്നു പുറത്തു വിട്ടു.എന്നാൽ സർവ്വഭൂമിയിലും വെള്ളം കിടക്കകൊണ്ടു പ്രാവു കാൽ വെപ്പാൻ സ്ഥലം കാണാതെ അവൻറെ അടുക്കൽ പെട്ടകത്തിലേക്കു മടങ്ങിവന്നു; അവൻകൈനീട്ടിഅതിനെ പിടിച്ചു തൻറെ അടുക്കൽ പെട്ടകത്തിൽ ആക്കി.ഏഴു ദിവസം കഴിഞ്ഞിട്ടു അവൻവീണ്ടും ആ പ്രാവിനെ പെട്ടകത്തിൽ നിന്നു പുറത്തു വിട്ടു. പ്രാവു വൈകുന്നേരത്തു അവൻറെ അടുക്കൽ വന്നു; അതിൻറെ വായിൽ അതാ, ഒരു പച്ച ഒലിവില; അതിനാൽ ഭൂമിയിൽ വെള്ളം കുറഞ്ഞു എന്നു നോഹ അറിഞ്ഞു.
മുഹമ്മദ് നബിയുടെ ജീവിതത്തിലും ഒരു പ്രാവിന്റെ സാനിദ്ധ്യം എടുത്ത് പറയാം "പ്രവാചകന്റെ കഥകഴിക്കാന്‍ രാത്രിമുഴുവനും വീടിനു ചുറ്റും കാവലിരുന്ന ശത്രുക്കള്‍ നേരം പുലര്‍ന്നപ്പോള്‍ കാണുന്നത് പ്രവാചകന്റെ വിരിപ്പില്‍ അലിയെയാണ്. ഇത്അവരെ അത്യധികം നിരാശരാക്കി; അതിലേറെ പ്രകോപിതരും. അവര്‍ പ്രവാചകനെ പരതി പരക്കംപാഞ്ഞു. അതിനിടെ അവരിലൊരുസംഘം സൌര്‍ ഗുഹയുടെ മുമ്പിലുമെത്തി.ഗുഹാമുഖം ശ്രദ്ധയോടെ നിരീക്ഷിച്ച ശത്രുക്കള്‍ അവിടെ കാലപ്പഴക്കം തോന്നിക്കുന്ന ചിലന്തിവലയും പ്രാവിന്റെ കൂടും കണ്ടു . അതോടെ അതിനകത്ത് ആരുമുണടാവില്ലെന്നുറപ്പിച്ച് അവിടെനിന്നും നടന്നുനീങ്ങി. ഗുഹക്കകത്ത് കയറി പരിശോധിക്കുന്നതിനെ സംബന്ധിച്ച സംഘത്തിലൊരാളുടെ ചോദ്യത്തിന് മറ്റുള്ളവരുടെ പ്രതികരണം ഇതായിരുന്നു: 'ഗുഹാമുഖത്ത് മുഹമ്മദിനെക്കാള്‍ പ്രായമുള്ള ചിലന്തിവലയും പ്രാവിന്റെ കൂടുമുണട്. അതിനാല്‍ അതിനകത്ത് ആരുമുണ്ടാകില്ല ഉറപ്പ്"
മഹാഭാരതത്തിലും പ്രാവിനെ കുറിച്ച് പരമാര്‍ശമുണ്ട്,യശസ്വിയായ ശി ബിരാജാവിന്റെ മടിയില്‍ ഒരിക്കല്‍ ഒരു മാടപ്രാവ് വന്ന് വീണു.തൊട്ടു പിന്നാലെ ഒരു പരുന്തും പ്രാണരക്ഷാര്‍തം അങ്ങയെ സമീപിച്ചതാണെന്നും എന്നെ രക്ഷിക്കണമെന്നും പ്രാവ് രാജാവിനോട് അപേക്ഷിച്ചു . തൊട്ടു പിന്നാലെ എത്തിയ പരുന്ത് തന്റെ ഭക്ഷണത്തിനു വിഘ്നം വരുത്താതെ പ്രാവിനെ വിട്ടുതരണമെന്നും ആവിശ്യപെട്ടു.പകരം ഭക്ഷണം തരാമെന്നു രാജാവു പറഞ്ഞു നോക്കിയെങ്കിലും പരുന്ത് വഴങ്ങിയില്ല.പ്രാവിനെ മാത്രം മതി പേടിച്ചു വിറക്കുന്ന പ്രവിനെ കിട്ടാൻ എന്തിനു നീ നിർബന്ധിക്കുന്നുവേന്നു ചോദിച്ചപ്പൊൾ,പരുന്ത് പരിഹാരം നിർദേശിച്ചു പ്രാവിനു പകരം അങ്ങയുടെ വലത്തെ തുടയിൽ നിന്ന് തുല്യ തൂക്കം അറുത്തെടുത്ത് തരിക ഒടും മടിക്കാതെ ശിബി പ്രവിനെ ത്രാസിന്റെ ഒരു തട്ടിൽ വച്ച് ,സ്വന്തം തുടയിൽ നിന്നും മാംസം അറുത്തെടുത്തൂ മറു തട്ടിലിട്ടു . കൂടുതലായി എത്ര മാംസം അറുത്തെടുത്ത് ത്രാസിലിട്ടിട്ടും പ്രാവിന് തൂക്കം കുടുതൽ. ഒടുവിൽ ശിബി തന്നെ ത്രാസിന്റെ തട്ടിൽ കയറിയിരുന്നു.ഇതു കണ്ട പരുന്ത് രക്ഷിച്ചുവേന്ന് പറഞ്ഞ് പറന്നു പോയി.ഇത്രയുമായപ്പൊൾ പ്രാവു രഹസ്യം വെളിപെടുത്തി .താൻ അഗ്നിയും പരുന്ത് ഇന്ദ്രനുമാണ്.നടെങ്ങും കീത്തിയുടെ നിറവിൽ നിൽക്കുന്ന അങ്ങയെ പരീക്ഷിക്കുന്നതിനു വേണ്ടീ വേഷം മാറി വന്നവരാണ് ഞങ്ങൾ.. പ്രാവിനു വേണ്ടി സ്വന്തം മാം സം അറുത്തെടുത്ത് അങ്ങു നൽകി ഒടുവിൽ പ്രാവിനു വേണ്ടി സന്തം ജിവൻ വരെ ഉപേക്ഷിക്കുകയെന്ന മഹാത്യാഗം കാടിയ ശിബിക്ക് എല്ലാനന്മകളും വന്നു ഭവിക്കുമെന്ന് അഗ്നി ദേവൻ അനുഗ്രഹിച്ചു.
കവികൾക്കും പ്രാവ് ഇഷ്ട കഥ പാത്രമായിട്ടുണ്ട്. പയർ വറക്കുമ്പോൾ കുറഞ്ഞു പോകുമെന്ന പരമാർഥമറിയാതെ കുഞ്ഞിനെ കൊന്ന ചങ്ങാലി പ്രാവിന്റെ കഥ വൈലോപിള്ളി ശ്രിധരമേനോന്‍ മലയാളിയുടെ മനസ്സിൽ നൊമ്പരം കൊണ്ടിങ്ങിനെ കുറിച്ചു.
"ഉരിമണിപ്പയറിനു കുഞ്ഞിനെക്കൊന്നേൻ,
ഉലകത്തിലെന്തിനു ഞാനിരിപ്പൂ, മേലി-
ലുലകത്തിലെന്തിനു ഞാനിരിപ്പൂ."
മുഗള്‍ ഭരണകാലത്ത് കബൂത്തര്‍ ബാസ് (പിജിന്‍ ഫാന്‍സിയര്‍) ഒരു ശാസ്ത്രം തന്നെയായിരുന്നു. അവസാന മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ബഹാദൂര്‍ഷാ സഫര്‍ കബൂത്തര്‍ ബാസില്‍ നൈപുണ്യം സമ്പാദിച്ചയാളായിരുന്നു. വര്‍ഷങ്ങളോളം വേണ്ട പരിശീലനത്തിനു ശേഷമാണ് ഒരാള്‍ ഇതില്‍ ഖലീഫയാകുന്നത്. ഇത്തരമൊരു ഖലീഫയ്ക്ക് തന്റെ പ്രാവുകളെ ഉപയോഗിച്ച് പല കാര്യങ്ങളും സാധിയ്ക്കാം എന്ന് പറയപ്പെടുന്നു. ഇന്നും പഴയ ദില്ലിയില്‍ കബൂത്തര്‍ ബാസിലിന്റെ പിന്തുടര്‍ച്ചക്കാര്‍ ഉണ്ട്.
ചെവിയൊർത്താൽ കണക്കിലും കേൾക്കാം പ്രാവിന്റെ നേർത്ത കുറുകൽ . ഗണിതത്തില്‍ ഉപയോഗിക്കപ്പെടുന്ന ഒരു തത്ത്വമാണ് പ്രാവിൻപൊത്ത് തത്ത്വം(pigeonhole principle) മൂന്ന് കുട്ടികളുള്ള ഒരു കുടുബത്തിലെ രണ്ട് കുട്ടികൾ ഒരേ ലിംഗത്തിൽപെട്ടവരായിരിക്കും എന്നപോലെയുള്ളവയെ ഉദാഹരണമാക്കിയുള്ളതാണ് ഈ തത്ത്വം. n, m എന്നീ രണ്ട് എണ്ണൽ സംഖ്യകൾ തന്നിരിക്കുന്നു, n > m ഉം ആണ് (അതായത് n എന്നത് m നേക്കാൾ വലുതാണ്), n എണ്ണം പ്രാവുകളെ m പൊത്തുകളിലാക്കുകയാണെങ്കിൽ ഒരു പൊത്തിലെങ്കിലും ഒന്നിൽ കൂടുതൽ പ്രാവുകളുണ്ടായിരിക്കും എന്നാണ് ഇത് പ്രതിപാദിക്കുന്നത്.
മതങ്ങളില്‍ പ്രാവിനെ പരാമര്‍ശിക്കുന്ന പോലെ തന്നെ മത സൗഹാർദതയിലും പ്രാവിന്റെ സാന്നിദ്ധ്യമുണ്ട് കേട്ടൊ..........
അമര്‍ നാഥ്ഗുഹാക്ഷേത്രത്തിനകത്തായി മറ്റൊരു ചെറിയ ഗുഹയുണ്ട്. ഈ ഗുഹയ്ക്കകത്തു നിന്നെടുക്കുന്ന ഒരുതരം വെളുത്ത പൊടി അമര്‍നാഥിലെ വിഭൂതിയായി ഭക്തന്മാര്‍ക്ക് നൽകുന്നതിനുള്ള അവകാശം ബത്കൂത് ഗ്രാമത്തിലെ മുസ്ലിങ്ങൾക്കാണ്. ഇവിടെ കണ്ടുവരുന്ന "പ്രാവുകളെ" തീര്ഥാടകര്‍ ശിവനും പാര്‍വ്വതിയുമായിട്ടാണ് കണക്കാക്കുന്നത്. ബത്കൂത് ഗ്രാമത്തിലെ മുസ്ലിങ്ങളാണ് അമര്‍നാഥ് ക്ഷേത്രത്തിലെ വഴിപാടുകളുടെ മൂന്നിലൊരുഭാഗത്തിന് അവകാശികള്‍ . അമര്‍ നാഥിലേക്കുള്ള വഴി വെട്ടിത്തെളിച്ച് സുഗമമാക്കിയെടുക്കുന്നതിന് ബത്കൂതിലെ ഇസ്ലാംമതക്കാര്‍ ചെയ്ത പ്രയത്നനങ്ങള്‍ക്കുള്ള പ്രതിഫലമായിട്ടാണ് ഈ അവകാശങ്ങള്‍ അവര്‍ക്ക് നല്കിയതെന്ന് പറയപ്പെടുന്നു.
ഇനി വാർത്തകളിലുടെ പറന്ന ചില പ്രാവുകളെ കുറിച്ച്........
റാസൽഖൈമയിൽ അപൂർവ്വയിനം പ്രാവിന് ലഭിച്ചത് 18,000 ദിർഹം (ഏകദേശം രണ്ട് ലക്ഷം രൂപ) 26 കാരനായ അബ്ദുള്‍ കസീനാണ് "ബുഫോതാഫ്" എന്ന വെളളി നിറത്തിലുളള അപൂർവ്വയിനം പ്രാവിനെ ഇത്രയധികം വിലയ്ക്ക് വിറ്റത്.ബുഫോതാഫ് ഇനത്തിൽപ്പെട്ട പ്രാവുകളുടെ അമിത സൌന്ദര്യവും അരെയും ആകർഷിക്കുന്ന വെളളി നിറവുമാണ് അവയ്ക്ക് ഇത്രയും വില നേടിക്കൊടുക്കുന്നത് .
ദക്ഷിണാഫ്രിക്കയിലെ ഒരു കമ്പനി ഡേറ്റാ ട്രാന്സ്ഫറിന് ഉപയോഗിക്കുന്നതു പ്രാവുകളെയാണ്, അതും ഒരു ഐടി കമ്പനി.കമ്പനിയുടെ ഡേറ്റാവാഹകനായ പ്രാവിന്റെ പേര് വിന്‍സ്റ്റണ്‍. ദക്ഷിണാഫ്രിക്കയിലെ അണ്‍ലിമിറ്റഡ് കമ്പനിയുടെ ഒരു ഓഫിസില്‍ നിന്ന് അമ്പതു മൈലുകളോളം അകലെയുള്ള മറ്റൊരു ഓഫിസിലേക്ക് ഇന്റര്‍നെറ്റ് വഴി ഡേറ്റ ട്രാന്സ്ഫര്‍ ചെയ്യുമ്പോള്‍ വേണ്ടി വരു ന്ന സമയം ആറു മണിക്കൂര്‍ , ഏറെ ധനനഷ്ടവും. ഇതു പരിഹരിക്കാനാണു വിന്സ്റ്റണെ രംഗത്തിറക്കിയത്. ഡേറ്റ അടങ്ങിയ മെമ്മറി കാര്‍ഡ് വിന്സ്റ്റന്റെ കാലില്‍ കെട്ടിയിട്ടു പറത്തിവിടും. നാല്പ്പത്തഞ്ച് മിനിറ്റ് കൊണ്ടു വിന്സ്റ്റണ്‍ ലക് ഷ്യ സ്ഥാനത്തു കാര്‍ഡ് എത്തിക്കും.ഇക്കാലത്ത് ഈ രീതി അത്ഭുതമായി തോന്നാം. ബിസിനസ് മുന്നോട്ടു കൊണ്ടു പോകാന്‍ എന്നും പുതിയ രീതി പരീക്ഷിക്കുന്നതാണ് ഇഷ്ടമെന്ന് അണ്‍ലിമിറ്റഡ് ഗ്രൂപ്പ് ബോസ് കെവിണ്‍ റോള്‍ഫ് പറയുന്നു. പതിനൊന്നു മാസത്തോളം പരിശീലനം കൊടുത്ത ശേഷമാണ്, പ്രാവ് ഡേറ്റാ വാഹകനാകുന്നത്. പ്രത്യേക കോഡ് എന്റര്‍ ചെയ്താല്‍ മാത്രമേ, മെമ്മറി കാര്ഡിലെ വിവരങ്ങള്‍ എടുക്കാനാകൂ. രഹസ്യങ്ങള്‍ അത്ര പെട്ടെന്നു ചോരുമെന്ന പേടി വേണ്ട .
നായ്ക്കളെ കുടുംബാംഗമാക്കിയപോലെ, കുതിരകളെ വളര്‍ത്തുന്നതുപോലെ അമേരിക്കയിലെ നഗരവാസികള്‍ വീടിന്റെ തട്ടിന്‍ പുറത്തു പ്രാവുകള്‍ക്കുകൂടൊരുക്കുന്നു. ''റേസ് ഹോഴ്സസ് ഓഫ് സ്കൈ'' എന്നാണ് അമേരിക്കക്കാര്‍ ഇപ്പോള്‍ പ്രാവുകളെ വിശേഷിപ്പിക്കുന്നത്. തിരക്കേറിയ ജീവിതത്തിനിടയിലും പ്രാവുകളെപരിപാലിക്കാനും തീറ്റ കൊടുക്കാനും ഇവിടത്തുകാര്‍ സമയം കണ്ടെത്തുന്നു. വൈദ്യുത കമ്പികളില്‍ നിന്നു മുറിവേറ്റും ഇരുമ്പു പാളികളില്‍ തട്ടി ചോരയൊലിപ്പിച്ചുമെത്തുന്ന പ്രാവുകളെ ശുശ്രൂഷിച്ച് വളര്‍ത്തുന്നു.(ഒരു രഹസ്യം) വീടിന്റെ ചുറ്റുപാടുമുള്ള മാലിന്യം പ്രാവുകള്‍ ശുചിയാക്കുമല്ലോ!
ജപ്പാനിൽ അമേരിക്കയുടെ ബോംബാക്രമണത്തെ അതിജീവിച്ചവരുടെ പ്രതിനിധികൾ 1000 "പ്രാവുകളെ" പറത്തി സന്ദേശം നൽകി.ഹിരോഷിമയിൽ 80,000 പേരും നാഗസാക്കിയിൽ 1,50,000 പേരുമാണ് അമേരിക്കയുടെ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത്. (1945 ഓഗസ്റ്റ് 6 നായിരുന്നു ഹിരോഷിമയില്‍ ബോംബിട്ടത്, നാഗസാക്കിയിൽ ഓഗസ്റ്റ് 9നും.)പതിനായിരങ്ങൾ അണുവികിരണത്തിന്റെ ദുരന്തവും പേറി ഇന്നും ജീവിക്കുന്നുവെന്നും ഓർക്കുക.
ഇതിനിടയിൽ കൗതുകമുണർത്തുന്ന ഒരു വാർത്ത ചേര്‍ത്തലയില്‍ നിന്ന് : വൈദ്യുതിക്കമ്പികള്‍ക്കിടയില്‍ കുടുങ്ങിയ പ്രാവിന് ഫയര്‍ഫോഴ്‌സും കെ.എസ്.ഇ.ബി.യും രക്ഷകരായി. ചേര്‍ത്തല താലൂക്ക് ഓഫീസിന് വടക്കുവശത്തെ വൈദ്യുതിക്കമ്പികള്‍ക്കിടയില്‍ കുടുങ്ങിയ പ്രാവിന്റെ കാലിലുണ്ടായിരുന്ന ചരട് ഒരു കമ്പിയില്‍ചുറ്റിപ്പിണഞ്ഞതാണ് പ്രശ്‌നമായത്. പറന്നുയരാന്‍ കഴിയാതെ പ്രാവ് ചിറകടിക്കാന്‍ തുടങ്ങി. കമ്പികള്‍ തമ്മില്‍ അല്പം അകലമുണ്ടായിരുന്നതിനാല്‍ പ്രാവിന് ഷോക്കേറ്റില്ല ചിറകിട്ടടിക്കുന്ന ബഹളം കേട്ട യാത്രക്കാരാണ് വിവരം ഫയര്‍ഫോഴ്‌സിനെയും കെ.എസ്.ഇ.ബി. അധികൃതരെയും അറിയിച്ചത്. കെ.എസ്.ഇ.ബി. ലൈന്‍ ഓഫ് ചെയ്തു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് ഒരു തോട്ടിയില്‍ കത്തിവച്ചുകെട്ടി പ്രാവിന്റെ കാലിലെ ചരടും കമ്പിയുമായുള്ള ബന്ധം വേര്‍പെടുത്തി. താഴെവീണ പ്രാവിനെ എടുത്ത് വെള്ളവും മറ്റും നല്‍കിയശേഷം ഫയര്‍ഫോഴ്‌സ് അതിനെ പറത്തിവിട്ടു.
(ഈ വാർത്ത എങ്ങിനെയാണ് കൗതുകമായതെന്നാണെങ്കിൽ,തീർച്ചയായും ഒരു ജീവൻ രക്ഷിച്ചത് നല്ലകാര്യം തന്നെ.അഭിനന്ദനങ്ങൾ....പക്ഷെ കൂട്ടരെ, ഈ ഓണത്തിന് ഭാര്യയൊടും മകനൊടുമൊപ്പം ബൈക്കിൽ യാത്ര ചെയ്തിരുന്ന ഞങ്ങളുടെ സുഹൃത്ത് ഒരപകടം പറ്റി മണികൂറുകളൊളം റോഡിൽ കിടന്നു, ജനകൂട്ടം കുറെയകലെ മാറിനിന്ന് അവന്റെ മരണം ഉറപ്പുവരുത്തിയന്നല്ലാതെ ഒരാളും ഒന്ന് പൊലീസിനു പൊലും ഫോൺ ചെയ്തില്ല)
സമാധാനത്തിന്റെ പ്രതീകമായി ലോകം മുഴുവൻ കൊണ്ടാടുന്ന പ്രാവുകൾ ഇപ്പോൾ ലോകത്തിന്റെ മുഴുവൻ മനസമാധാനവും നശിപ്പിക്കുന്ന തീവ്രവാദികളുടെ സന്ദേശ വാഹകരാകുന്ന വാർത്ത അതിർത്തിയിൽ നിന്ന്. ചാരസംഘടനയായ ഐ.എസ്.ഐ. യുമായി കൈകോര്‍ത്ത് തീവ്രവാദഗ്രൂപ്പായ ലഷ്‌കറെ തോയ്‌ബയാണ് പ്രാവുകളെ പരിശീലിപ്പിക്കുന്നത്. പ്രത്യേക പരിശീലനം സിദ്ധിച്ച 1000ത്തോളം പ്രാവുകളെ തീവ്രവാദികള്‍ ആശയവിനിമയത്തിനായി ഉപയോഗിക്കുന്നുണ്ട്. തീവ്രവാദികളുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ജമ്മു കാശ്‌മീരിലും പരിസരപ്രദേശങ്ങളിലും നിന്നുമായി പരിശീലനം സിദ്ധിച്ച ഏതാനും പ്രാവുകളെ അന്വേഷണ ഉദ്യോഗസ്‌ഥര്‍ പിടികൂടി.തീവ്രവാദികള്‍ക്ക് പ്രാവുകളെ തിരിച്ചറിയാനായി അവയുടെ ചിറകുകളില്‍ പ്രത്യേക ചായം പൂശിയതായും കണ്ടെത്തി.പ്രാവുകളില്‍ ചിലതിന്റെ ഒരു ഭാഗത്ത് ഇളം ചുവപ്പ് നിറവും മറുഭാഗത്ത് പച്ചനിറവുമാണ് ചാര്‍ത്തിയിരുന്നത്. ജമ്മുവിലെ ഖത്രയില്‍ നിന്ന് പിടികൂടിയ പ്രാവിന്റെ പിന്‍ഭാഗത്ത് രണ്ടു മൊബൈല്‍ നമ്പറുകള്‍ രേഖപ്പെടുത്തിയത് അധികൃതരര്‍ കണ്ടെത്തി. നമ്പറുകള്‍ തീവ്രവാദികളുടേതാണെന്ന് തിരിച്ചറിഞ്ഞെങ്കിലും അവയില്‍ ബന്ധപ്പെട്ടപ്പോള്‍ പെട്ടെന്ന് ആ നമ്പറുകള്‍ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. ജമ്മു കാശ്മീരിന്റെ ഇതരഭാഗങ്ങളില്‍ നിന്ന് പിടികൂടിയ ചില പ്രാവുകളുടെ ചിറകിന്റെ പിന്ഭാഗത്ത് തീവ്രവാദികളുടെ പേരുകളും ബന്ധപ്പെടേണ്ട വിവരങ്ങളും ഫോണ്നമ്പറുകളും രേഖപ്പെടുത്തിയതായും കണ്ടെത്തി. കേന്ദ്രരഹസ്യാന്വേഷണ ഏജന്സികളും വിവിധ സംസ്ഥാന പോലീസ് സേനകളും തീവ്രവാദ വേട്ട ശക്തമാക്കിയസാഹചര്യത്തില്‍ തീവ്രവാദഗ്രൂപ്പുകളും തീവ്രവാദികളും തമ്മില്‍ പരസ്പരം ബന്ധപ്പെടാന്‍ പ്രാവുവഴിയുള്ള വിവരങ്ങള്‍ കൈമാറല്‍ വിദ്യ അടക്കമുള്ള പുതിയ സങ്കേതങ്ങള്‍ തേടുകയാണെന്ന് N.I.A അധികൃതര്‍ പറയുന്നു
ഇനി ഒരു വംശഹത്യയുടെ കഥപറയാം................
പാസഞ്ചർ പ്രാവ് (Passenger Pigeon): വടക്കേയമേരിക്കന്‍ ഭൂഖണ്ഡത്തില്‍ റോക്കി പർവ്വതനിരയ്ക്ക് കിഴക്കുള്ള പ്രദേശത്ത് ഒരു കാലത്ത് കോടിക്കണക്കിന് പാസഞ്ചർ പ്രാവുകള്‍ ജീവിച്ചിരുന്നു. മുമ്പ് വടക്കേയമേരിക്കയിലെ പക്ഷികളിൽ 40 ശതമാനത്തോളം പാസഞ്ചര്‍ പ്രാവുകളായിരുന്നു. 19-ആം നൂറ്റാണ്ടിൽ ഇവയുടെ സംഖ്യ ഏതാണ്ട് 500 കോടി വരുമായിരുന്നു എന്നാണ് കണക്ക്. കൂട്ടമായി പറക്കുമ്പോൾ മണിക്കൂറുകളോളം ഇവ ആകാശം മറയ്ക്കുമായിരുന്നു. മനുഷ്യന്റെ ആർത്തിയാണ് പാസഞ്ചർ പ്രാവുകളെ ഇല്ലാതാക്കിയത്. ദിവസവും ആയിരങ്ങളെ വീതം കൊന്നൊടുക്കി. ഇവയുടെ പ്രജനനകേന്ദ്രങ്ങളിൽ വരെ വേട്ട നീണ്ടു. പക്ഷികൾ എവിടെയുണ്ടെന്ന വിവരം വേട്ടക്കാർക്ക് എത്തിക്കാൻ ടെലഗ്രാഫ് സങ്കേതം വരെ ഉപയോഗിക്കപ്പെട്ടു. വേട്ടയാടിയ ആയിരക്കണക്കിന് പ്രാവുകൾ കമ്പോളത്തിലെത്തി. അറിയപ്പെടുന്ന അവസാനത്തെ പാസഞ്ചർ പ്രാവിന്റെ പേർ "മാർത്ത"എന്നായിരുന്നു. 1914 സപ്തംബർ ഒന്ന് പകൽ ഒരു മണിക്ക് സിൻസിനാറ്റി മൃഗശാലയിൽ ആ ജീവി അന്ത്യശ്വാസം വലിച്ചു.
അങ്ങിനെ വംശനാശം സംഭവിച്ച അഞ്ചൊ ആറൊ ജീവികളിൽ ഒന്നായി മാറുകയായിരുന്നു പാസഞ്ചർ പ്രാവും.ഈ നിലതുടർന്നാൽ മനുഷ്യ രാശിയുടെ അവസാന കണ്ണി അവസാനിക്കുന്നത് രേഖപെടുത്താൻ അന്യഗ്രഹ ജീവികൾ പൊലും അവശേഷിക്കുമോ?
എന്നീട്ടും കവി പാടുന്നു..........
"ഓമലാൾ തടങ്ങളിൽ തൂവിയവെള്ളം തേടി-
ക്കാവിൽ നിന്നെത്തും ചങ്ങാലികൾ തൻ കളസ്വനം"
(വിഷ്ണുനാരായണൻ നമ്പൂതിരി)
കൂട്ടി വായിക്കാൻ...........
അവൾ തന്റെ ഓമനയായ പ്രാവിൻ വശം അവന് ഒരു
സന്ദേശമയച്ചു.വൈകിട്ട് അവൾക്ക് അവന്റെ ഈമെയിൽ വന്നു.
"ഹൗ എന്തു രുചി"
Subscribe to:
Post Comments (Atom)
പ്രാവ് പുരാണം അല്പം നീണ്ട പോസ്റായല്ലോ ആശേ.
ReplyDeleteഓരോ സംഭവങ്ങളും എടുത്ത് വളരെ വിശദമാക്കിത്തന്നെ പ്രതിപാദിച്ചിരിക്കുന്നു. കാമ്പുള്ള ഒരു പോസ്റ്റ്.
ആശംസകള്‍.
നിരന്തരമായ പഠനങ്ങള്‍ക്കും കൂലങ്കഷമായ ചിന്തകള്‍ക്കും വിധേയമാക്കാവുന്ന ഈ ലേഖനം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഉപകാരപ്രദമാണ് . സുദീര്‍ഘമായ പരിശോധനയിലൂടെയും , പഠനത്തിലൂടെയും, അശ്രാന്ത പരിശ്രമത്തിലൂടെയും വിരചി ച്ചെടുത്ത ഉല്‍കൃഷ്ടമായ ഈ സൃഷ്ടി വെളിച്ചം കാണേണ്ടത് യുനിവേഴ്സിറ്റികളുടെ പ്രസിദ്ധീകരണങ്ങളിലാണ് . പ്രാവുകളെക്കുറിച്ച് പല ലേഖനങ്ങളും വായിച്ചിട്ടുണ്ടെങ്കിലും ഇത്രയും ഗഹനവും ഗാഡവുമായ ഒരു വായനാനുഭവം ഈയുള്ളവനെ സംബന്ധിച്ചിടത്തോളം പുതിയതാണ് . ഉത്ബുദ്ധരായ വായനക്കാര്‍ പൊതുവേ കുറവുള്ള ബ്ലോഗില്‍ ഈ ലേഖനത്തെ തളച്ചിട്ടപ്പോള്‍ പുലിയെ മെരുക്കി മുയല്‍ക്കൂട്ടില്‍ അടച്ചതുപോലുള്ള വേദന അനുഭവപ്പെടുന്നു .
ReplyDeleteinformative.
ReplyDeletekeep writing.
www.ilanjipookkal.blogspot.com
ഈ കുറുകലും താളാത്മകം...
ReplyDeleteകുറുകല്‍ ഒരുപാട് ശ്രവിച്ചെന്നാല്‍,ഈ കുറുകലുകള്‍ പകരുന്ന്
നല്‍കിയത് വല്ലാത്തൊര്‍ അനുഭൂതിയാണ്‍.ശ്രമകരമായ ഈ പോസ്റ്റ്
നല്‍കുന്ന വിവരങ്ങളൊ,ഒന്നിനൊന്ന് മേന്മയേറിയതും !
ഏറെ നന്ദിയുണ്ട്,ആശമസകള്‍.
നന്നായിട്ടുണ്ട് ...ആശംസകള്‍
ReplyDeleteintresting article
ReplyDeletewrite more more..............
നന്നായിട്ടുണ്ട് .ആശംസകള്‍
ReplyDeletegood language flow and nice !
ReplyDelete