Monday, July 26, 2010

ആ നായ കുട്ടി ഇപ്പോഴും ഈ തെരുവിലുണ്ട്



"അല്ലയോ തവിട്ടുനിറമുള്ള നായേ-
വെളുത്ത നിറമുള്ള സരമയുടെ മകനേ -
നീ പല്ലുപുറത്തുകാണിക്കുമ്പോള്‍
ആയുധം പോലെ തിളങ്ങുന്നു.
നീ കള്ളനെയും കൊള്ളക്കാരനെയും ആക്രമിക്കുക
എന്തിന വെറുതെ ഇന്ദ്രന്റെ ഭക്തരെ ആക്രമിക്കുന്നു? "
_ഋഗ്വേദം

(പശുക്കളെ മോഷ്ടിച്ചുകടന്നു കളഞ്ഞ കൊള്ളക്കാരുടെ കയ്യില്‍ നിന്നും അവയെ വീണ്ടെടുക്കുന്ന ഇന്ദ്രന്റെ നായയാണ് സരമ)
മനുഷ്യന്‍ ആദ്യമായി ഇണക്കി വളര്‍ത്തിയ മൃഗം നായയാണ്‌.ചെന്നായയുടെ ഉപജാതിയും, കാര്‍ണിവോറ ഓര്‍ഡറിലെയും അംഗങ്ങളാണ് നായകള്‍. 800 ലധികം ജനുസ്സുകളില്‍ പെട്ട നായകള്‍ ഉണ്ട്.(നായ്ക്കളുടെ ശാസ്ത്രിയ നാമം camislupus familiaris) ജര്‍മനിയിലെ BONN OBERKASSELENNA എന്ന സ്ഥലത്ത് നിന്നും 15000 വര്‍ഷം പഴക്കമുള്ള നായയുടെ അസ്ഥികൂടം കണ്ടെത്തിയിരുന്നു.നായകളും മനുഷ്യനും തമ്മിലുള്ള ബന്ധം സുചിപ്പിക്കുന്ന ഒരു രേഖാചിത്രം പോലെ ഒരു മനുഷ്യന്റെ ശവകല്ലറയില്‍ നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്.ഉയര്‍ന്ന സാമുഹിക ബോധം നായ്ക്കളുടെ പ്രത്യേകതയാണ്.പല ഇനങ്ങളും ബുദ്ധിശക്തിയിലും ധൈര്യത്തിലും വിശ്വസ്സ്ഥതയിലും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു.

കൃസ്തു മതത്തില്‍1300 ല്‍ ഫ്രാന്‍സില്‍ ജീവിച്ചിരുന്ന SAINT ROCHU നായ്ക്കളുടെ രക്ഷകനാണെന്നു വിശ്വസിക്കപെടുന്നു.കേരളത്തിലെ ഒരു വിഭാഗം ജനങ്ങളുടെ ആരാധനാമൂര്‍ത്തിയായ മുത്തപ്പന്റെ വാഹനം നായയാണ്‌.ചെരുപ്പ് എടുത്തു കൊണ്ട് പോയി നാണം കെടുത്തിയ കാരണം പാഞ്ചാലിയുടെ ശാപം വാങ്ങിയ നായ്ക്കളുടെ പ്രധാന ഹോബി ഇപ്പോഴും ചെരുപ്പ് മോഷ്ടിക്കലാണ് .

ശൂന്യാകാശത്ത് ആദ്യമായി പോയ ജിവിയും നായയാണ്‌ 1957 ല്‍ റഷ്യയുടെ സ്പുട്നിക്ക് 2 എന്ന ബഹിരാകാശ വാഹനത്തില്‍ ലയിക്കയെന്ന (ആദ്യ പേര് കുന്ട്രിയാവ്ക)നായയും ഉണ്ടായിരുന്നു.ഉയര്‍ന്ന താപത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ കുറഞ്ഞ സമയത്തിനുള്ളില്‍ ലയിക്ക മരിച്ചുവെങ്കിലും ഭാവി ബഹിരാകാശത്തിലെ നിരവധി പരിക്ഷണങ്ങള്‍ക്ക് ശക്തി പകരാന്‍ ലയിക്കയുടെ രക്തസാക്ഷിത്വനായി.മോസ്കോ നഗരത്തില്‍ രണ്ടു മിറ്റര്‍ ഉയരത്തിലുള്ള റോക്കറ്റിന് മിതെ തലയുയര്‍ത്തി നില്‍ക്കുന്ന ലയിക്കയുടെ സ്തൂപം പണിത് ലയിക്കയെ റഷ്യന്‍ ഭരണകൂടം ആദരിച്ചു.

യശ്ശരീരനായ സാഹിത്യകാരന്‍ ശ്രി നാരായണ പിള്ള ഒരു നായയെ നായകനാക്കി ഒരു നോവല്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്.കലാകൌമുദി വാരികയില്‍ പ്രസിദ്ധികരിച്ച"പരിണാമം"എന്ന ഈ നോവലിന് 1998 ലെ കേരള സാഹിത്യ അക്കാദമിയുടെ പുരസ്ക്കാരം ലഭിച്ചു. ചില കാരണങ്ങളാല്‍ അദ്ദേഹം ഈ അക്കാദമി പുരസ്ക്കാരം നിരസിച്ചു.1998 മേയ് 19 ന് മുബൈയില്‍ വച്ച് അദ്ദേഹം മരിച്ചു.നായ്ക്കളെ കുറിച്ച് അദ്ദേഹത്തിന്റെ അഭിപ്രായം ഇങ്ങിനെ "നായ്ക്കളും മനുഷ്യരും തമ്മിലുള്ള പ്രധാന വ്യത്യാസം നായക്ക് കള്ളത്തരമില്ല എന്നുള്ളതാണ്".

ലോകത്തില്‍ എവിടെയായാലും (ആര്‍ട്ടിക്കയിലോ അന്റാര്‍ട്ടിക്കയിലോ)പുച്ചയും നായകളും ശത്രുതയിലാണ്.ഒരു വീട്ടില്‍ യജമാനന്മാരുടെ അരുമകളായി കഴിയുമ്പോളും അവര്‍ ശത്രുത അവസാനിപ്പിക്കാറില്ല.ജനിതകമായി ഉള്ള ഈ സവിശേഷത പാരമ്പ്യര്യമായി കൈമാറുന്നതാകാം.എന്നാല്‍ എലിയും നായക്കളും കേവലം ശത്രുക്കളല്ല ഒന്ന് മറ്റൊന്നിനെ തിന്ന് ജീവിത ചക്രത്തിലെ കണ്ണികളാകുന്ന പ്രകൃതി നിയമമാണത്.(മാംസാഹാര പ്രിയരായ പൂച്ചകള്‍ക്ക് സസ്യാഹാരം ദഹിപ്പിക്കാനുള്ള കഴിവില്ല.മധുരം തിരിച്ചറിയാനും കഴിവില്ല)മനുഷ്യന്റെ സ്വാര്‍ത്ഥ താല്പര്യം മൂലം ജീവികളുടെ ജിവിത ചക്രത്തിലെ കണ്ണികള്‍ അറ്റ് പോകാം. അതായത് എലികള്‍ക്ക് വംശനാശം സംഭവിച്ചുവെന്നിരിക്കട്ടെ എന്ത് സംഭവിക്കും ഇഷ്ട ഭക്ഷണം കിട്ടാതെ പൂച്ചകള്‍ മരിച്ചു പോകുമോ? ഇല്ല ഇവിടെ പൂച്ച തന്റെ മെനുവിലെ പ്രിയ ഭക്ഷണം മാറ്റിയെഴുതും.ഇതുവരെയും പൂച്ചകള്‍ തിന്നിട്ടില്ലാത്ത ഏതെങ്കിലും ജീവികളാകും ആ സ്ഥാനം അലങ്കരിക്കുക.

അപ്പോള്‍ നാം പറഞ്ഞു വന്നത് പൂച്ചകള്‍ നായയുടെ ഭക്ഷണമല്ല പിന്നെയെങ്ങിനെ ഇവര്‍ ശത്രുക്കളായി, അറിയില്ല . ഇങ്ങിനെയൊക്കെ ചിന്തിക്കാന്‍ തുടങ്ങിയാല്‍ അതിനല്ലേ സമയം കാണു പിന്നെയെന്തിനാണി നായ വിശേഷം എന്നാണെങ്കില്‍ ഒരു വാര്‍ത്തയില്‍ നിന്ന് തുടങ്ങാം.ചൈനക്കാര്‍ക്ക് ഏറ്റവും ഇഷ്ടപെട്ട ആഹാരം നായ ഇറച്ചിയാണെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ നായ ഇറച്ചിയോടുള്ള പ്രിയം ഉപേക്ഷിക്കാന്‍ ചൈനീസ്‌ ഗവണ്‍മെന്റ്‌ ആലോചിക്കുന്നു. നായ ഇറച്ചി വില്‌പന നിരോധിക്കാന്‍ ചൈനീസ്‌ പ്രവിശ്യാ ഭരണകൂടങ്ങള്‍ സന്നദ്ധത പ്രകടിപ്പിച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. ബീജിംഗ്‌ ഒളിമ്പിക്‌സ്‌ സമയത്ത്‌ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും നായ ഇറച്ചിയും അതുകൊണ്ടുള്ള മറ്റു വിഭവങ്ങളും ചൈനീസ്‌ ഭരണകൂടം നിരോധിച്ചിരുന്നു. എല്ലാ ഹോട്ടലുകളുടെയും മെനുവില്‍ മുന്‍പന്തിയില്‍ സ്ഥാനം ലഭിച്ചിരുന്ന നായ ഇറച്ചി വിഭവങ്ങള്‍ അന്ന്‌ ഒഴിവായി. അതിനുശേഷമാണ്‌ നായകളെ തിന്നുന്ന സഹസ്രാബ്ദങ്ങളായുള്ള ശീലം പൂര്‍ണമായി ഒഴിവാക്കിയാലോ എന്ന ആലോചന ചൈനയില്‍ വ്യാപകമായത്‌.

ചൈനക്കാരുടെ ഇഷ്ടവിഭവമാണ്‌ നായ ഇറച്ചിയും പൂച്ചയിറച്ചിയും. ചൈനയ്‌ക്കു പുറമെ വിയറ്റ്‌നാം, കൊറിയ, ഇന്തോനേഷ്യ, തുടങ്ങിയ രാജ്യങ്ങളിലും നായ ഇറച്ചി മുഖ്യ ആഹാരമാണ്‌. തെക്കേ അമേരിക്കയിലെ ചില പ്രദേശക്കാര്‍ക്കും നായയെ തിന്നുന്നത്‌ ഇഷ്‌ടമാണ്‌. (ഇന്ത്യയിലും ഉണ്ട് നായ ഇറച്ചി തീറ്റിക്കാര്‍ നാഗാലാന്‍ഡ്‌, മിസോറാം പോലുള്ള സംസ്ഥാനങ്ങളിലും നായ ഇറച്ചി പ്രിയമാണ്‌ ഇവിടെയൊക്കെ ആട്ടിറച്ചിയേക്കാള്‍ നായ ഇറച്ചിക്കാണ് പൈസ കൂടുതലത്രേ ) . എന്നാല്‍ ചൈനയ്‌ക്ക്‌ നായഭക്ഷണം ഉണ്ടാക്കിയ ചീത്തപ്പേര്‌ ചെറുതല്ല- പ്രത്യേകിച്ച്‌ ഒളിമ്പിക്‌സിന്റെ സമയത്ത് പാശ്ചാത്യ മാധ്യമങ്ങള്‍ ചൈനയിലെ നായ തീറ്റയെ ശരിക്ക് കളിയാക്കുകയും ചെയ്‌തു. മനുഷ്യനോട്‌ ഏറ്റവുമധികം ഇണങ്ങുന്ന നായയെ കൊന്നുതിന്നുന്നത്‌ കൊടുംക്രൂരതയാണെന്ന്‌ ഏറെ നാളായി ചൈനയില്‍ പല സംഘടനകളും വ്യക്തികളും പ്രചാരണം നടത്തിവരികയാണ്‌.

തെക്കന്‍ ചൈനയിലെ ഗ്യുവാങ്‌സോ എന്ന പട്ടണത്തിലാണ്‌ പട്ടിയെയും പൂച്ചകളെയും കൂടുതല്‍ തിന്നുന്നത്‌. അവിടെത്തന്നെയാണ്‌ നിയമം ആദ്യം നടപ്പാകാന്‍ പോകുന്നത്‌. ചൈനീസ്‌ അക്കാഡമി ഓഫ്‌ സോഷ്യല്‍ സയന്‍സസിലെ പ്രൊഫ. ഷാങ്‌ ജിവെന്‍ നായ തീറ്റി നിരോധന നിയമത്തിനുവേണ്ടി ഇവിടെ ശക്തമായ പ്രചാരണമാണ് നടത്തുന്നത്‌. ചൈനയ്‌ക്ക്‌ ലോകത്തിനു മുന്നില്‍ സാംസ്‌കാരികമായി വളരാനുള്ള ഒരവസരമാണ്‌ നായ, പൂച്ച തീറ്റി അവസാനിപ്പിക്കല്‍ എന്നാണ്‌ പ്രൊഫസറുടെ വാദം

ഇനി ഇതുവരെ വാര്‍ത്തയില്‍ ഇടം കിട്ടാത്ത ഒരു നായയുടെ കഥ ...........................

ബഹ്റൈനില്‍ ഹമദ് ടൌണിനരികെയുള്ള ഹമലയെന്ന നാടിന്റെ നേരിയ സ്മൃതി ഉണര്‍ത്തുന്ന ഒരു തെരുവ്.ശശിയുടെ AMWAJ SAFI FOOD STUF ,RANA ADVERTISING,മുഹമ്മദാലിയുടെ SAFIA TELECOMMUNICTION,ഞങ്ങളുടെ KINGDOM ROASTER.നസിംഇക്കയുടെ STON HOUSE CERMICA തുടങ്ങി തെരുവിനിരു വശത്തും നിറയെ കടകളാണ്.അവിടേക്ക് ഒരു സു പ്രഭാതത്തില്‍ ഒരു നായകുട്ടി കടന്നു വരുന്നു.മറ്റെവിടെയും പോകാതെ ഇവിടെ തന്നെ നിന്ന് തെരുവിലെ ഒരു അന്തേവാസിയായി അത് അംഗികാരം നേടിയെടുത്തു.ആ സമയത്ത് ധാരാളം പുച്ചകള്‍ ഇവിടെ സ്വെരവിഹാരം നടത്തുന്നുണ്ടായിരുന്നു സ്വാഭാവികമായും താങ്കളുടെ ജന്മ ശത്രുവിനെ കണ്ടു അവര്‍ ഞെട്ടി ചിലര്‍ പ്രാണനും കൊണ്ട് സ്ഥലം വിട്ടു .ചില മുതിര്‍ന്നവര്‍(നായയെക്കാള്‍ പ്രായമുള്ള പൂച്ചകള്‍) ശത്രുവിന്റെ ഓരോ ചലനവും നിരീക്ഷിച്ച് നിലനില്‍പ്പിന്റെ പോരാട്ടത്തിന് തയ്യാറെടുത്തു.

പക്ഷെ പതിവ് കാഴ്ചകള്‍ക്ക് വിരുദ്ധമായി നായക്കുട്ടി പൂച്ചകളുടെ ലോകത്തേക്ക് കടക്കാന്‍ ഒരു ശ്രമം നടത്തി പുച്ചകള്‍ ജന്മ ശത്രുവിനെ നഖശിഖാന്തം എതിര്‍ത്തു അതിനെന്തോ പുച്ചകളുടെ എതിര്‍പ്പിന്റെ ഭാഷ മനസ്സിലായില്ല എന്നു തോന്നുന്നു.അത് ഏതെങ്കിലും പുച്ചയുടെ പുറകിലൂടെ വന്ന് ഒരു തോണ്ട് തോണ്ടിയ ശേഷം തിരിഞ്ഞു കുറച്ച്‌ ഓടും പിന്നെ തിരിഞ്ഞു നില്‍ക്കും ഈ കളിയില്‍ പങ്കു ചേര്‍ന്ന് പുച്ചയും തന്റെ പുറകെ ഓടി വന്നിട്ടുണ്ടാകുമെന്നാണ് ശുദ്ധഗതിക്കാരനായ നായയുടെ ധാരണ പൂച്ചകളോ ജീവനും കൊണ്ട് ഭൂഗോളത്തിന്റെ ചെരുവില്‍ മറഞ്ഞിട്ടുണ്ടാകും.വീണ്ടും വീണ്ടുമുള്ള ശ്രമത്തിന്റെ ഫലമെന്നോണം ഒരു പൂച്ചയെ തന്റെ ഉദ്ദേശ ശുദ്ധി ബോധ്യപെടുത്താന്‍ നായക്കുട്ടിക്ക് കഴിഞ്ഞു.അവയുടെ കളി തെരുവിലെ ആകര്‍ഷ നീയമായ ഒരു കാഴ്ചയായിരുന്നു.

അങ്ങിനെ കഴിഞ്ഞു വരവേ വര്‍ഗ്ഗ വിശകലനത്തില്‍ നയം പാളിയാല്‍ നഷ്ടപെടുന്നത് കൈവിലങ്ങുകളല്ല ജീവന്‍ തന്നെയായിരിക്കുമെന്ന് മനസ്സിലാക്കിയ കൂട്ടുകാരന്‍ പൂച്ച പതുക്കെ സ്ഥലം വിട്ടു.പിന്നെ എല്ലാ പൂച്ചകളും അപ്രത്യക്ഷമായി.പാവം നായ ബാക്കിയായി എന്റെ സുഹൃത്തും കവിയുമായ സുധി പുത്തന്‍വേലിക്കരയുടെ"ഒറ്റ"എന്ന കവിതയില്‍
"ഒറ്റയ്ക്ക് വല്ലാതെയൊറ്റക്ക്‌,രാവിന്റെ
നിശ്ചല ൈശത്യത്തിന്‍ പേടി കിനാവുകള്‍ "
കണ്ട നായ്കുട്ടി പിന്നിട് കോളകളുടെ ഒഴിഞ്ഞ ബോട്ടിലുകളെ കളിക്കുട്ടുകാരനക്കിയ ദയനിയ കാഴ്ചയും തെരുവ് കണ്ടു .പിന്നെയാണ് അത്ഭുതം സംഭവിച്ചത് എവിടെയോ നിന്ന് കണ്ണ് തുറക്കാത്ത ഒരു കുഞ്ഞ് പൂച്ചകുട്ടിയെയും കൊണ്ട്‌ വന്ന് അതിനെ കളിപ്പിക്കുന്നു,തീരെ ചെറിയ കുഞ്ഞായത്കൊണ്ട് സബീഷ് കുഞ്ഞിനെ എടുത്തു അതിന്റെ അമ്മയെ കണ്ടുപിടിച്ച് അതിന്റെ അടുത്താക്കി.

ആ നായ കുട്ടി ഇപ്പോഴും ഈ തെരുവിലുണ്ട്.......സ്നേഹത്തിന്റെ ഉറവ വറ്റിയ മനസ്സുമായി ജാതി,മത,വര്‍ഗ,രാഷ്ട്രിയ കാരണങ്ങളാല്‍ വഴി പിരിഞ്ഞു പരസ്പരം വാളോങ്ങി നില്‍ക്കുന്ന മനുഷ്യരെ ലജ്ജിപ്പിച്ചു കൊണ്ട്.വര്‍ഗ ശത്രുവിനെ സൌഹൃദയത്തിന്റെ പുതിയ വ്യാകരണം കൊണ്ട് നേരിടുന്ന ഈ നായ കുട്ടി മനസ്സാക്ഷി അല്പമെങ്കിലും അവശേഷിച്ചിട്ടുള്ളവര്‍ക്ക് ഒരു പാഠമായി, ആ നായ കുട്ടി ഇപ്പോഴും ഈ തെരുവിലുണ്ട്

കൂട്ടി വായിക്കാന്‍......
രണ്ടു പേര്‍ മദ്യപിച്ച് വഴിയില്‍ കിടക്കുന്നു അതിലൊരാളുടെ ദേഹത്ത് ചേര്‍ന്നൊരു നായയും ഇത് കണ്ട വഴിപോക്കന്‍
"തനിക്ക് ആ നായയെ ഓടിച്ചു കളഞ്ഞു കൂടെ "
ഇത് കേട്ട മറ്റവന്‍
"അവന്‍ മടിയനാ സാറേ കുറച്ച്‌ മുന്‍പ് ആ നായ എന്റെ വായില്‍ മുത്രമൊഴിച്ചു അപ്പോള്‍ ഞാനവനോട് അതിനെയൊന്നു ഓടിക്കാന്‍ പറഞ്ഞിട്ട് അവന്‍ കേട്ടില്ല"