Tuesday, November 2, 2010

വർഗ്ഗീസിൽ നിന്ന് നക്സലിലേയ്ക്കുള്ള ദൂരം


കൊച്ചി: നക്‌സല്‍ വര്‍ഗീസ് വധക്കേസിലെ സി.ബി.ഐ കോടതി വിധി കേട്ട് കേസിലെ രണ്ടാം പ്രതി മുന്‍ ഡി.ഐ.ജി കെ. ലക്ഷ്മണ കോടതിയില്‍ വിങ്ങിപ്പൊട്ടി. (Wednesday, October 27, 2010 മാധ്യമം)

അടിയൊരുടെ പെരുമന്റെ ചൂഴ്‌ന്നെടുക്കപെട്ട കണ്ണുകളിൽ നിന്ന് ആളി പടർന്ന അഗ്നിയിലേക്ക്‌.........
ചരിത്രത്തിന്റെ ഇരുട്ടറയിലേക്ക്‌ കാക്കിയിട്ടവർ ചുരുട്ടിയെറിഞ്ഞ ഒരു വിപ്ലവകാരിയുടെ നിലയ്ക്കാത്ത ഹൃദയ സ്പന്ദനത്തിന്റെ പുനർജനിയിലേക്ക്‌...........
പ്രതികൂട്ടിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ..........
ഒരു വ്യവസ്ഥിതിയുടെ,ജനാധിപത്യ സംവിധാനത്തിന്റെ,അതിന്റെ നിയമ സംഹിതയുടെ കാര്യശേഷി ഇതൊക്കെയാകുമോ മുൻ ഡി ഐ ജി ലക്ഷ്മണയുടെ കണ്ണിനെ ഈറനണിയിച്ചത്.

അതൊ,തൊപ്പി വച്ച ഞങ്ങൾ കുറച്ചു പേർ സർവ്വ ശക്തി ഉപയോഗിച്ചിട്ടും ഈ സംവിധാനത്തെ അലങ്കൊലപെടുത്താൻ കഴിയതെ പൊയ ദുഃഖമാകുമോ കണ്ണിരായി പുറത്ത്‌ വന്നത്‌.
അതെ കബനി വീണ്ടും ചുവക്കുകയാണ്......
ഒടുങ്ങാത്ത വിപ്ലവത്തിന്റെ കനലുമായി ച്ചുരം കയറി തിരുനെല്ലിക്കാടുകളിൽ വിപ്ലവത്തിന്റെ അഗ്നിമഴ പെയ്യിച്ചവന്റെ കരളിൽ നിന്നിറ്റു വിഴുന്ന രക്തത്താൽ.......
വെടിയെറ്റു വിഴുമ്പൊഴും സ്വന്തം രക്തത്തിൽ വിരൽ മുക്കി ആയിരക്കണക്കിനു ക്ഷൂഭിത യൌവനങ്ങളുടെ ഹൃദയത്തിൽ വിപ്ലവത്തിന്റെ ആദ്യക്ഷരി കുറിച്ചവന്റെ ചുവന്ന സ്വപ്നത്താൽ.......
തിരുനെല്ലി..........
ഉണ്ണിയച്ചി ചരിതത്തിലും ബ്രഫ്മ പുരാണത്തിലും പരാമർശം ഉണ്ടായതു കൊണ്ടു മാത്രം നാം തിരുനെല്ലിയെ അറിയുന്നില്ല.
പക്ഷെ,"നക്സൽ വർഗ്ഗീസ് " എന്നു കേട്ടാൽ തിരുനെല്ലി കാടുകളിലെവിടെയോ നിന്ന് നമ്മുടെ കർണ്ണപുടങ്ങളിൽ ഒരു വെടിയൊച്ച മുഴങ്ങും തീർച്ച.
അയ്യായിരം വർഷം മുൻപ്‌ വരെ ഈ പ്രദേശത്ത്‌ സംഘടിതമായ മനുഷ്യ വാസം ഉണ്ടായിരുന്നതായി തെളിവുകൾ കിട്ടിയിട്ടുണ്ട്‌.ചെറു ശിലായുഗത്തിൽ എടയ്ക്കൽ ഗുഹയ്ക്കടുത്തുള്ള കുപ്പകൊല്ലി,ആയിരം കൊല്ലി എന്നിവടങ്ങളിൽ നിന്ന് വെള്ളാരം കല്ലുകൊണ്ടുള്ള ആയുധങ്ങൾ ഉപയോഗിച്ചിരുന്നതിനും തെളിവുകൾ ഉണ്ട്‌.
നക്സലൈറ്റുകൾ......
ഇന്ത്യൻ കമ്മുണിസ്റ്റ്‌ പ്രസ്ഥാനത്തിലെ ചൈന-സോവിയറ്റ്‌ പിളർപ്പിനു ശേഷം ഉണ്ടായ തീവ്രകമ്മ്യുണിസ്റ്റ്‌ പ്രസ്ഥാനങ്ങളെ നക്സ്‌ലൈറ്റുകൾ എന്നു വിളിക്കുന്നു.1967ൽ പശ്ചിമ ബംഗാളിലെ നക്സൽബാരിയിൽ കാനു സന്യാലിന്റെയും ചാരു മജൂംദാറിന്റെയും നേതൃത്വത്തിൽ cpi(m)ലെ ഒരു വിഭാഗം സംഘടിപ്പിച്ച ആക്രമാസക്തമായ വിപ്ലവ പ്രക്ഷോഭം ഇന്ത്യൻ രാഷ്ട്രീയ ഭുപടത്തിൽ നക്സൽപ്രസ്ഥാനത്തെ അടയാളപെടുത്തി.1967 മേയ്‌ 25ന് നക്സൽബാരിയിലെ ഒരു കർഷകനെ ജന്മികളുടെ വാടകഗുണ്ടകൾ മർദ്ദിച്ചതിന് തിരിച്ചടിയയിരുന്നു ആ പ്രക്ഷോഭം.ഇത്‌ യുവ രക്തങ്ങളെ ആകർഷിച്ചു അതിൽ ഒരാളായിരുനു വർഗ്ഗീസ്‌........
അരിക്കാട്ട്‌ വർഗീസ്‌ എന്ന നക്സൽ വർഗ്ഗീസ് ...........
നക്സൽബാരി കലാപത്തിന്റെ രാഷ്ട്രീയസ്വാധീനത്താൽ സി.പി.ഐ (എം.എൽ) പ്രവർത്തകനാവുകയായിരുന്നു വർഗ്ഗീസ്. ആദിവാസി നേതാവായ ചോമന്‍ മുപ്പനുമോത്ത് അദ്ദേഹം പ്രക്ഷോഭങ്ങൾ നടത്തി.ആദിവാസികളുടെ വയനാട്ടിലെ സ്ഥിതി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷവും ശോചനീയമായിരുന്നു. വള്ളിയൂര്‍കാവ്‌
ക്ഷേത്രത്തിൽ എല്ലാ വർഷവും അടിമവ്യാപാരം നടന്നിരുന്നു. ഇവിടെ തമ്പ്രാൻമാർ നെല്ലും കുറച്ചു പണവും കൊടുത്ത് ആദിവാസികളെ ഒരു വർഷത്തേയ്ക്ക് സ്വന്തമാക്കിയിരുന്നു. ആദിവാസികളുടെ ദിവസക്കൂലി പുരുഷന്മാർക്ക് 3 വാരം (ഒരു വാരം - ഏകദേശം ഒരു ലിറ്റർ) നെല്ലും 75പൈസയുമായിരുന്നു. സ്ത്രീകൾക്ക് ഇത് രണ്ടു വാരം നെല്ലും 50 പൈസയുമായിരുന്നു. പുരുഷന്മാർ മുട്ടിനു താഴെ മറച്ച് മുണ്ടുടുത്താൽ തമ്പ്രാന്റെ ആളുകൾ അവരെ തല്ലി ഒതുക്കുമായിരുന്നു. തമ്പ്രാന്റെ മുമ്പിൽ വെച്ച് ആദിവാസികൾക്ക് മലയാളം സംസാരിക്കുവാനുള്ള അനുവാദമില്ലായിരുന്നു.ആദിവാസി ഭാഷമാത്രമേ അവർക്ക് സംസാരിക്കാൻ പറ്റുമായിരുന്നുള്ളൂ. തമ്പ്രാനെ പൊതുവഴിയിൽ കണ്ടാൽ പോലും ആദിവാസികൾ വഴിമാറി നടക്കണമായിരുന്നു. രാവിലെ മുതൽ രാത്രിവരെ ഈ കൂലിക്ക് തമ്പ്രാന്മാരുടെ പാടത്ത് ആദിവാസികൾക്ക് പണിയേണ്ടിയും വന്നു. ആദിവാസി പെൺകുട്ടികളെ തമ്പ്രാന്മാർ ബലാത്സംഗം ചെയ്യുന്നതും പതിവായിരുന്നു.
പല ആദിവാസി പ്രക്ഷോഭങ്ങളും സംഘടിപ്പിച്ച് വർഗ്ഗീസ് ആദിവാസികളുടെ ദിവസക്കൂലി ആണുങ്ങൾക്ക് മൂന്നുപറ നെല്ലും 75 പൈസയുമായും സ്ത്രീകൾക്ക് രണ്ടുപറ നെല്ലും 50 പൈസയുമായും ഉയർത്തി. വർഗ്ഗീസിന്റെ പ്രവർത്തനങ്ങളിലൂടെ അടിമപ്പണി വയനാട്ടിൽ പൂർണ്ണമായും നിർത്തലാക്കപ്പെട്ടു.വർഗ്ഗീസ് ആദിവാസികൾക്ക് പഠന ക്ലാസുകളും എടുത്തു.വയനാട്ടിലെ തിരുനെല്ലിക്കാടുകളിൽ വെച്ചായിരുന്നു വർഗ്ഗീസിന്റെ അന്ത്യം. പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു എന്നായിരുന്നു ഔദ്യോഗിക ഭാഷ്യം. എന്നാൽ വയനാട്ടിൽ തിരുനെല്ലിയിലെ യിലെ ഒരു കുടിലിൽ നിന്ന് രാവിലെ പിടികൂടിയ വർഗ്ഗീസിനെ, മേലുദ്യോഗസ്ഥരുടെ (അന്നത്തെ ഡെപ്യൂട്ടി എസ്.പി ആയ എ ലക്ഷ്മണ,ഡി.ഐ.ജി ആയ പി. വിജയൻ എന്നിവരുടെ) നിർദ്ദേശ പ്രകാരം1970 ഫെബ്രുവരി 18-നു വൈകിട്ട്, താൻ തന്നെ നേരിട്ട് വെടിവെച്ച് കൊല്ലുകയായിരുന്നു എന്ന് രാമചന്ദ്രന്‍ നായര്‍ എന്ന പോലീസ് ഉദ്യോഗസ്ഥൻ 1998-ൽ വെളിപ്പെടുത്തി.

"വിപ്ലവം ജയിക്കട്ടെ" എന്നു പറഞ്ഞ് ചിരിച്ചുകൊണ്ടാണ് വർഗ്ഗീസ് മരിച്ചത് എന്നാണ് രാമചന്ദ്രൻ നായർ പറയുന്നത്. വർഗ്ഗീസിന് മരണത്തിനു മുൻപ് ചോറുവാരി കൊടുത്തു എന്നും കത്തിച്ച ബീഡി കൊടുത്തു എന്നും പറയുന്നു. വർഗ്ഗീസിനെ വെടിവെച്ചു കൊന്ന സ്ഥലം എന്ന് കരുതുന്ന തിരുനെല്ലിയിലെ കാട്ടാനകൾ മേയുന്ന വനത്തിനു നടുവിലെ വർഗ്ഗീസ് പാറ ഇന്ന് ആദിവാസി യുവാക്കൾ പരിശുദ്ധമായി കരുതുന്നു. എല്ലാ ചരമ വാർഷികത്തിനും ധാരാളം ആദിവാസികൾ ഇവിടെ ഒത്തുചേർന്ന് ചെങ്കൊടി ഉയർത്തുന്നു.
ഓര്‍ക്കുക,.....
അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുന്പ് ആയുധങ്ങള്‍ ഉപയോഗിച്ചിരുന്ന ഒരു സ്ഥലത്താണ് ഒരു കല്ല്‌ പോലും കൈയ്യില്ലാത്ത വർഗ്ഗീസിനെ അവര്‍ "ഏറ്റുമുട്ടലിലുടെ" കൊലപെടുത്തിയത്
അപ്പൊൾ നാം പറഞ്ഞു വന്നത്‌ ഒരു കാലത്ത്‌ പൊലിസിലെ പുലിയായിരുന്ന ലക്ഷ്മണയുടെ കണ്ണിരിനെ കുറിച്ചായിരുന്നതിനാൽ തിരിച്ചു വരുന്നു.തനിക്ക്‌ ശിക്ഷ കിട്ടുമെന്നറിഞ്ഞപ്പൊൾ ഒരു ഭീരുവിനെ പോലെ ലക്ഷ്മണ കരഞ്ഞു.,പക്ഷെ, അടുത്ത നിമിഷം വെടിയുണ്ട തന്റെ ഹൃദയത്തിലൂടെ കടന്ന് പോകുമെന്നറിയാമായിരുന്നിട്ടും വർഗ്ഗീസ്‌ ചിരിച്ചു, മുദ്രാവാക്യം വിളിച്ചു,.....40-വർഷം കഴിഞ്ഞപ്പൊൾ ലക്ഷ്മണയെ കരയിപ്പിച്ചു.
അതെ വിപ്ലവകാരികൾ മരിക്കാറില്ല.........................

(വർഗ്ഗീസിന്റെ രാഷ്ട്രിയത്തൊട്‌ നിങ്ങൾക്ക്‌ യോജിക്കുകയോ വിയോജിക്കുകയോ ആവാം.പക്ഷെ ആ ഉദ്ദേശശൂദ്ധിയെ മാനിക്കാതിരിക്കാനാവില്ല)