Monday, March 14, 2011

സുനാമി ഒരു കടലരികെ.......

ജപ്പാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂകമ്പവും സൂനാമിയും
(വാര്‍ത്ത)

സുനാമി എന്ന പേര്‌ ജപ്പാന്‍ ഭാഷയില്‍ ഉടലെടുത്തതായതുകൊണ്ടുതന്നെ ജപ്പാനികള്‍ക്ക് സുനാമിയുമായിട്ടുള്ള ബന്ധം ഊഹിക്കാമല്ലൊ.(ജപ്പാൻ ഭാഷയില്‍ "സു" എന്നാല്‍ തുറമുഖം "നാമി" എന്നാല്‍ "തിര" രണ്ടു വാക്കുകൾ കൂടിച്ചേർന്നതാണു് സുനാമി)കിഴക്കനേഷ്യയിലെ ഒരു ദ്വീപ് രാഷ്ട്രമാണ് ജപ്പാൻ .(നിഫോൺ അഥവാ നിപ്പോൺ) ജാപ്പനീസ് ഭാഷയിൽ ജപ്പാൻ എന്ന പേര് എഴുതുന്ന അക്ഷരങ്ങൾക്ക് "സൂര്യൻ-ഉത്ഭവം" എന്നും അർത്ഥം ഉള്ളതിനാൽ, ഉദയ സൂര്യന്റെ നാട് എന്ന അപരനാമത്തിലും ജപ്പാൻ അറിയപ്പെടുന്നു
മൂവായിരത്തിലേറെ ദ്വീപുകൾ ചേരുന്ന രാജ്യം ലോകത്തെ ഏറ്റവും വികസിത രാഷ്ട്രങ്ങളിലൊന്നാണ്. പസഫിക് മഹാസമുദ്രം, ജപ്പാൻ കടൽ, ഫിലിപ്പൈൻ കടൽ, കിഴക്കൻ ചൈനാ കടൽ, ഒക്കോസ്ക് കടൽ എന്നിവയാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഭൂപ്രദേശമാണിത്.(സമുദ്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന ലവണ ജലത്തിന്റെ പരപ്പിനേയാണ് കടൽ എന്നു പറയുന്നത്. ജലത്തിന് പുറത്തേക്ക് കടക്കാൻ വഴികളില്ലാത്തതും വലുതും മിക്കവാറും ലവണ ജലം നിറഞ്ഞതുമായ തടാകങ്ങളേയും കടൽ എന്ന് പറയുന്നു. (കാസ്പിയൻ കടൽ, ചാവ് കടൽ ) സമുദ്രത്തിൽ നിന്നുമുള്ള കാറ്റ് മൂലം പ്രവാഹങ്ങളുണ്ടാകുന്ന കടലുകളെ "മാർജിനൽ" കടലുകളെന്നും ലവണത്വത്തിന്റെയും താപനിലയുടേയും വ്യതിയാനം മൂലം പ്രവാഹങ്ങളുണ്ടാകുന്ന കടലുകളെ "മെഡിറ്ററേനിയൻ" കടലുകൾ എന്നും പറയുന്നു) ഉത്തര കൊറിയ, ദക്ഷിണ കൊറിയ, റഷ്യ, ചൈന, തായ്‌വാൻ എന്നീ രാജ്യങ്ങളുമായി ജപ്പാൻ സമുദ്രാതിർത്തി പങ്കുവയ്ക്കുന്നു. (തലസ്ഥാനം ടോക്കിയോ )നാലു വലിയ ദ്വീപുകളായ ഹോൻഷു, ഹൊക്കൈഡൊ, ക്യുഷു, ഷികോകു എന്നിവ ഭൂവിസൃതിയുടെ 97% ഉൾക്കൊള്ളുന്നു. മിക്ക ദ്വീപുകളും മലകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു, അഗ്നിപർവതങ്ങളും ധാരാളം (ജപ്പാനില്‍ വളരെ ചെറുപ്പം മുതല്‍ക്ക് തന്നെ സുനാമിയെ കുറിച്ച് ബോധവല്‍ക്കരണം നടക്കുന്നുണ്ട് .സ്ക്കൂളുകളില്‍ സുനാമി ഒരു പാഠ്യവിഷയമാണെത്രേ.കെട്ടിടങ്ങളെ
ല്ലാം ഭൂകമ്പത്തെ അതിജീവിക്കുന്ന തരത്തിലാണ്‌ ഉണ്ടാക്കുന്നത്. അതായത് ഒരു ജപ്പാന്‍ കാരന്റെ വാതിലില്‍ എപ്പോള്‍ വേണമെങ്കിലും ഒരു സുനാമി വന്നു മുട്ടാം അവരതിന്‌ കതോര്‍ക്കുന്നുമുണ്ട്).
തിരമാലകളുടെ തുടര്‍ച്ചകളാണ്‌ നാശമുണ്ടാക്കുന്നത്.സാധാരണയായി നിശ്ചലമായ ജലോപരിതലത്തില്‍ കാറ്റു വീശുമ്പോള്‍ (ഭൗമോപരിതലത്തിലെ വായു വ്യത്യസ്തമായ രീതിയിൽ ചൂടാവുകയും തണുക്കുകയും ചെയ്യുമ്പോഴാണ് കാറ്റ് ഉണ്ടാകുന്നത്. സാന്ദ്രതയേറിയ ചൂടുവായു മുകളിലേയ്ക്ക് പൊങ്ങുകയും തൽസ്ഥാനത്ത് തണുത്ത വായു പ്രവേശിക്കുകയും ചെയ്യുന്നു)ആദ്യം കുഞ്ഞോളങ്ങളായി രൂപംകൊള്ളുന്ന തിരകള്‍ക്ക് കാറ്റിന്റെ ശക്തി വര്‍ധിക്കുന്നതോടെ വലുപ്പവും ശക്തിയും വര്‍ധിക്കുന്നു. കാറ്റിന്റെ വേഗത, വീശുന്ന കാലയളവ്, ജലോപരിതലത്തിന്റെ വ്യാപ്തി എന്നിവയാണ് തിരകളുടെ രൂപവത്കരണത്തിന് നിദാനമാകുന്ന പ്രധാന ഘടകങ്ങള്‍. തിരമാലകള്‍ രണ്ടുതരമുണ്ട്; കാറ്റടിച്ചുണ്ടാകുന്ന കടല്‍ത്തിരകളും മഹാതരംഗങ്ങളും (Swells). കാറ്റിന്റെ ശക്തിയിലൂടെ വന്‍തോതില്‍ ഉത്തേജിതമാക്കപ്പെട്ട ഒരു മേഖലയില്‍ നിന്ന് മറ്റൊരു ഭാഗത്തേക്കു പ്രവഹിച്ചെത്തുന്ന കടല്‍ത്തിരകളാണ് മഹാതരംഗങ്ങളായി മാറുന്നത്. ഇവയ്ക്ക് ആയിരക്കണക്കിന് കി.മീ. സഞ്ചരിക്കാന്‍ കഴിയും.
എന്നാല്‍ സുനാമിത്തിരകൾ മേല്‍ പറഞ്ഞ വിധമല്ല ഉണ്ടാകുന്നത് സമുദ്രത്തിന്റെ അടിത്തട്ടു് പൊടുന്നനെ ചലിയ്ക്കുകയും സമുദ്രജലത്തെ ലംബമായി തള്ളുകയോ വലിയ്ക്കുകയോ ചെയ്യുമ്പോൾ സുനാമിത്തിരകൾ ഉണ്ടാകുന്നു. ഭൂമിയുടെ അടിയിലുള്ള ഫലകങ്ങളുടെ അതിർത്തികളിലാണു് ഇത്തരം ലംബദിശയിലുള്ള വൻചലനങ്ങൾ നടക്കുക. ഇത്തരം ഫലകങ്ങൾ തമ്മിൽ ഉരസി ഉണ്ടാകുന്ന ഭൂചലനങ്ങൾ സുനാമിയുണ്ടാക്കാൻ കാരണമാകുന്നു. സമുദ്രാന്തർഭാഗങ്ങളിലുണ്ടാവുന്ന മണ്ണിടിച്ചിലും അഗ്നിപർവ്വതശേഷിപ്പുകളുടെ പതനവും എല്ലാം അതിനു് മുകളിലുള്ള ജലഖണ്ഡത്തെ വൻതോതിൽ ഇളക്കാൻ പര്യാപ്തമാവും. അതുപോലെ സമുദ്രത്തിനടിയിൽ ഒരു വലിയ അഗ്നിപർവ്വതം പൊട്ടിത്തെറിക്കുന്നതുമൂലവും സുനാമിയുണ്ടാവാം.
മറ്റുതിരകളെയപേക്ഷിച്ചു് സുനാമി വളരെയധികം വ്യത്യാസപ്പെട്ടിരിക്കുന്നു. അളവറ്റ ഊർജ്ജം, അതിവേഗതയിൽ സമുദ്രങ്ങൾ താണ്ടി, ഒട്ടും ഊർജ്ജനഷ്ടമില്ലാതെ സഞ്ചരിക്കുന്ന ഒരു പ്രതിഭാസമാണിതു്. ഉത്ഭവകേന്ദ്രത്തിൽ നിന്നും ആയിരക്കണക്കിനു് കിലോമീറ്ററുകൾ അകലെ പോലും എത്തി വൻനാശനഷ്ടങ്ങൾ വിതയ്ക്കാൻ ശേഷിയുള്ള സുനാമി, മിക്കപ്പോഴും മണിക്കൂറുകൾ കഴിഞ്ഞായിരിക്കും അതിന്റെ ലക്ഷ്യത്തിലെത്തിയിട്ടുണ്ടാവുക.
മറക്കാത്ത സുനാമി.......

2004 ഡി. 26-ന് സുമാത്ര ദ്വീപിന്റെ തീരക്കടലിലുണ്ടായ അതിശക്തമായ ഭൂചലനം (തീവ്രത : 8.9) സൃഷ്ടിച്ച കൂറ്റന്‍ സുനാമി തിരമാലകള്‍ ഇന്തോനേഷ്യ, മലേഷ്യ, തായ്ലന്‍ഡ്, ബംഗ്ലാദേശ്, ശ്രീലങ്ക, മ്യാന്‍മര്‍, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങളുടെ തീരപ്രദേശങ്ങളിലും ഇന്ത്യന്‍ തീരത്തും വന്‍നാശനഷ്ടം വിതച്ചു. രണ്ടു ലക്ഷത്തിലധികം പേര്‍ ഈ സുനാമി ദുരന്തത്തില്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ തമിഴ്നാട്, ആന്‍ഡമാന്‍ - നികോബാര്‍ ദ്വീപുകള്‍, കേരളം, പോണ്ടിച്ചേരി എന്നീ പ്രദേശങ്ങളില്‍ ഇവ കനത്ത ആഘാതമേല്‍പ്പിച്ചു. തമിഴ്നാട്ടിലാണ് ഏറ്റവുമധികം ദുരന്തമുണ്ടായത്. തമിഴ്നാട്ടിലെ കടലൂര്‍, നാഗപട്ടണം, കന്യാകുമാരി തുടങ്ങിയ പ്രദേശങ്ങളില്‍ വന്‍തോതില്‍ ജീവഹാനിക്കും നാശനഷ്ടങ്ങള്‍ക്കും ഇവ കാരണമായി. കേരളത്തില്‍ കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളാണ് സുനാമിയുടെ ആഘാതം ഏറ്റവും അധികം ഏറ്റുവാങ്ങിയത്. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം ജില്ലകളുടെ തീരങ്ങളിലും നാശനഷ്ടങ്ങളുണ്ടായി.

ജപ്പാന്‍ ഭൂകമ്പം ഭൂമിയുടെ അച്ചുതണ്ട് (ഭൂമിയുടെ ധ്രുവങ്ങളെ യോജിപ്പിച്ചുകൊണ്ട്‌ സ്ഥിതി ചെയ്യുന്നതായി സങ്കൽപിക്കപ്പെടുന്ന) 4 ഇഞ്ച് മാറ്റിയെന്നു ഇറ്റാലിയന്‍ ഇന്‍സിസ്റ്റുട്ട്പറയുന്നു. ഒരു ജാപ്പനിസ് ദ്വീപും നീങ്ങി മാറിയത്രെ. ഒരു ജിപിഎസ് സ്റ്റേഷന്‍ എട്ടടിയോളം മാറിയെന്നാണ്‌ യുഎസ് ജിയൊളജിക്കല്‍ സര്‍വെയിലെ ജിയൊഫിസിസ്റ്റായ കെന്നത്ത് ഹഡ്നട്ട് പറയുന്നത്. ജപ്പാനില്‍ വലിയൊരു പ്രദേശത്തിനു സ്ഥിരമായ മാറ്റം വന്നിരിക്കുന്നു. ഭൂമിയുടെ പിണ്ഡത്തിനു മാറ്റം സംഭവിച്ചെന്ന ജിഎസ്ഐ ഭൂപട വിവരങ്ങളെ സാധൂകരിക്കുന്നതാണ് ഇതെന്നും അദ്ദേഹം വിശദീകരിച്ചു. അതേ സമയം ഷെങ്സാവൊ ചെന്‍ എന്ന ജിയൊഫിസിസ്റ്റിന്‍റെ അഭിപ്രായത്തില്‍ ഭൂകമ്പത്തെത്തുടര്‍ന്നു 400 കിലോമീറ്റര്‍ നീളത്തിലും 160 കിലോമീറ്റര്‍ വീതിയിലും ഭൂവല്‍ക്കത്തില്‍ പിളര്‍പ്പുണ്ടാവുകയും. ഭൂപാളികള്‍ 18 മീറ്ററോളം തെന്നിമാറിയതായും അദ്ദേഹം പറഞ്ഞു.
(2004ല്‍ സുമാത്രയിലുണ്ടായ 9.1 രേഖപ്പെടുത്തിയ ഭൂകമ്പവും തുടര്‍ന്നുണ്ടായ സുനാമിയും ദിനരാത്രങ്ങളില്‍ 6.8 സെക്കന്‍ഡിന്റെ കുറവ് വരുത്തുകയും ഭൂമിയുടെ അച്ചുതണ്ടിന് ഏഴ് സെന്റീമീറ്ററോളം വ്യതിയാനം വരുത്തുകയും ചെയ്തിരുന്നു)
(ഭൂമിയുടെ അച്ചുതണ്ട് സൂര്യന് ഏറ്റവും അഭിമുഖമായും എതിരായും വരുമ്പോഴാണു പകലിനും രാവിനും ഉത്തരാര്‍ദ്ധത്തിലും ദക്ഷിണാര്‍ദ്ധത്തിലും ദൈര്‍ഘ്യമേറുന്നത്.ഭൂമിയുടെ അച്ചുതണ്ട്‌ 23.5° ചെരിഞ്ഞാണ്‌ കറങ്ങുന്നത്‌ .ഭൂമി അതിന്റെ സാങ്കല്പിക അച്ചുതണ്ടിൽ ദൈനികചലനത്തോടൊപ്പം സൗരയൂഥത്തിൽ സൂര്യന് ചുറ്റും ഒരു വർഷം കൊണ്ട് ഒരു പരിക്രമണം പൂർത്തിയാക്കുന്നു)

2010 ഫെബ്രുവരി 27-ന് ചിലിയിലെ മൗലേ മേഖലക്കടുത്ത് കടലിൽ ഉണ്ടായ ഭൂകമ്പത്തിന്റെ ഫലമായി ഭൂമിയുടെ അച്ചുതണ്ട് മൂന്ന് ഇഞ്ച്(എട്ട് സെ മീ) മാറിയിരുന്നു.അതുകൊണ്ട് ഭൂമിയിലെ ഒരു ദിവസത്തിന്റെ ദൈര്‍ഘ്യത്തില്‍ 1.26 മൈക്രോസെക്കന്‍ഡിന്റെ കുറവ് വരുമെന്ന് നാസയിലെ ശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് ഗ്രോസ് അഭിപ്രായപ്പെട്ടിരുന്നു. (ഒരു മൈക്രോ സെക്കന്‍ഡ് എന്നാല്‍ ഒരു സെക്കന്‍ഡിന്റെ പത്തുലക്ഷത്തിലൊരംശമാണ്)

സുനാമിയെ തുടര്‍ന്ന് ജപ്പാനില്‍ ആണവ റിയക്റ്ററുകള്‍ ഭീഷണി ഉയര്‍ത്തുവെന്ന് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.റിയാക്റ്ററിനകത്ത് നടക്കുന്ന ചെയിന്‍ റിയാക്ഷന്‍ അനിയന്ത്രിതമാകുകയോ, ശീതീകരണസംവിധാനം പ്രവര്‍ത്തനരഹിതമാകുകയോ ചെയ്താല്‍ താപനില വളരെയധികം വര്‍ദ്ധിക്കുകയും റിയാക്റ്ററും അതിന്റെ കവചങ്ങളും പൊട്ടിത്തെറിക്കുകയും ഭീമമായ ഒരു ദുരന്തത്തില്‍ കലാശിക്കുകയും ചെയ്യും. ഇത്തരം പ്രശ്നങ്ങള്‍ പല ആണവനിലയങ്ങളിലും സംഭവിച്ചിട്ടുണ്ട്. (ചെര്‍ണോബില്‍ ദുരന്തം ആ‍ണവോർജ്ജ റിയാക്ടറിൽ ചരിത്രത്തിൽ നടന്ന ഏറ്റവും വലിയ അപകടമാണ് .1986 ഏപ്രിൽ 26-നു രാത്രി 01:23:40 മണിക്കു ആയിരുന്നു സോവിയറ്റ് യൂണിയനിലെ പ്രിപ്യാറ്റ് എന്ന സ്ഥലത്തുള്ള ചെർണോബിൽ ആണവോർജ്ജ പ്ലാന്റിലെ നാലാം നമ്പർ റിയാക്ടർ പൊട്ടിത്തെറിച്ചത്)
അതെ, സുനാമി കേവലം ഒരു കടലിനരികെ മാത്രം........

8 comments:

  1. വളരെ സന്ദര്‍ഭോചിതമായ പോസ്റ്റ്‌.
    സുനാമി സുനാമി എന്ന് പറയുമ്പോഴും ആ പേരിന്റെ അര്‍ത്ഥം പോലും എനിക്ക് അറിയില്ലായിരുന്നു. ഇപ്പോഴാണ് പിടി കിട്ടിയത്‌. സുനാമിയെക്കുറിച്ചും ജപ്പനെക്കുറിച്ചും എല്ലാം അറിഞ്ഞിരിക്കേണ്ട പ്രാഥമിക വിവരങ്ങള്‍ വളരെ നന്നായി പറഞ്ഞത്‌ എന്തുകൊണ്ടും നന്നായി. സുനാമി എങ്ങിനെ ഉണ്ടാകുന്നു എന്നതിന്റെ ചെറിയ വിജ്ഞാനം തന്നതിന് നന്ദി.
    ആശംസകള്‍.

    ReplyDelete
  2. നല്ല അറിവ് പകരുന്ന കുറിപ്പ്
    എങ്കിലും , ഈ സുനാമി ; ഹോ ഓർക്കാൻ പോലുമാവുന്നില്ല.

    ReplyDelete
  3. വിജ്ഞാന പ്രദം ഈ പോസ്റ്റ്‌ . ആണവ റിയാക്ടര്‍ പൊട്ടിത്തെറിച്ചു എന്ന് പറയുന്നത് ഒന്ന് കൂടി പഠിക്കേണ്ട കാര്യം ആണ്. റിയാക്ടര്‍ പൊട്ടിത്തെറിച്ചിട്ടില്ല. അതിന്റെ പുറത്തെ സുരക്ഷ കവചത്തിന് കേടുപറ്റി മര്‍ദം താങ്ങാന്‍ കഴിയാതെ എന്നാണ് വാര്‍ത്ത‍. റിയാക്ടര്‍ പൊട്ടിത്തെറി ചിരുന്നെങ്കില്‍ ജപ്പാന്‍ മറ്റൊരു ചെര്‍ണോബില്‍ ആയേനെ. മരണം ഒന്നും രണ്ടിലും ഒന്നും നില്‍ക്കില്ല, ഈ സംഭവത്തെ ഒരു ആണവ അപകടം എന്നാണ് അവര്‍ പറഞ്ഞിരിക്കുന്നത് .

    2004 ലെ സുനാമി ആഞ്ഞടിക്കുമ്പോള്‍ കോഴിക്കോട് നിന്ന്നും കണ്ണുരേക്കുള്ള ട്രെയിനില്‍ ആയിരുന്നു ഞാന്‍. ധര്‍മ്മടം പോലുള്ള സ്ഥലങ്ങളില്‍ വെള്ളം ഉയര്‍ന്നു എന്ന് കേട്ടപ്പോള്‍ ഓ നമ്മളിതെത്ര കണ്ടതാ എന്ന് സ്ഥിരം മലയാളി ഭാവത്തില്‍ ട്രെയിനില്‍ ഇരുന്നതും പിറ്റേന്ന് വാര്‍ത്ത‍ കണ്ടപ്പോള്‍ കണ്ണു മഞ്ഞളിചിരുന്നതും ഇപ്പോളും ഒരമയില്‍ വരുന്നു .ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം എന്ന് ഓര്‍മ്മിപ്പിക്കുന്ന ഒരു പോസ്റ്റ്‌ ...!

    ReplyDelete
  4. നല്ല അറിവ് പകരുന്ന കുറിപ്പ്

    ReplyDelete
  5. chetta......thank u very much (oru rahasyam parayatte palappozhum nattuvazhiyanu ente reference text)information kurichedukkarundu...

    ReplyDelete
  6. നല്ല പോസ്റ്റ്.
    ഭൂകമ്പങ്ങളെ പോലെ തന്നെ കടലിനടിയിൽ ഉണ്ടാകുന്ന ലാൻഡ് സ്ലൈഡുകളും സുനാമിക്ക് കാരണമാകും. സുനാമിക്ക് ശേഷം പല രാജ്യങ്ങളിലേയും കാലാവസ്ഥക്ക് മാറ്റം സംഭവിച്ചിട്ടുണ്ട്. എന്നാൽ ഭൂകമ്പങ്ങൾ വഴി സാങ്കല്പിക അച്ചുതണ്ടിന് മറ്റമുണ്ടാകില്ല എന്നാണ് പുതിയ ശാസ്ത്രീയ വെളിപെടുത്തലുകൾ. അച്ചുതണ്ടിന് വരുന്ന ചെറിയ മാറ്റങ്ങൾ പോലും പ്രപഞ്ചത്തിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും.

    ReplyDelete
  7. വിഞ്ജാനപ്രദമായ പോസ്റ്റ്. സുനാമിയുടെ അലയൊലികള്‍ ഇന്നും കെട്ടടങ്ങാത്ത ഒരു നാട്ടിന്‍പുറത്താണ് എന്റെയും ജിവീതം. താങ്കള്‍ക്ക് വളരെയടുത്ത്.. ചെറായിയില്‍.

    ഓഫ്: വായനാമുറി എന്ന ബ്ലോഗ് വഴിയാണ് ഇവിടേക്ക് വന്നത്. അതുപോലെ തന്നെ ഒരു സംരംഭം പുസ്തകവിചാരം എന്ന പേരില്‍ ഉണ്ട്. താല്പര്യമെങ്കില്‍ സഹകരിക്കാം.

    ReplyDelete