Sunday, July 10, 2011

നിധി കാക്കുന്ന ഭുതങ്ങള്‍ ............


ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ പതിറ്റാണ്ടുകളായി തുറന്നിട്ടില്ലെന്നു കരുതുന്ന നിലവറകളില്‍ സുപ്രീംകോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് ജൂണ്‍ 27 ന് നിലവറകള്‍ തുറന്നുപരിശോധിച്ച്‌ കണക്കെടുക്കാന്‍ തുടങ്ങിയപ്പോള്‍ സ്വര്‍ണ്ണ നിറമുള്ള അത്ഭുതങ്ങള്‍ പുറത്തു വരുന്ന കാഴ്ചയാണ്‌ മലയാളികള്‍ കാണുന്നത്.സത്യം ചിലപ്പോള്‍ കെട്ടുകഥയെക്കാള്‍ വിചിത്രമാകാറില്ലേ.അതു തന്നെ..... മനുഷ്യ ഭാവനെയെ തളര്‍ത്തിയ യാഥാര്‍ത്ഥ്യം.
ക്ഷേത്ര ചരിത്രം.........
കൊല്ലവര്‍ഷം 225-ല്‍ (എ.ഡി. 1050) തൃപ്പാപ്പൂര്‍ മൂപ്പില്‍പെട്ട രാജാവാണ് ക്ഷേത്രം പുതുക്കിപ്പണിയിച്ചതും യോഗക്കാരുള്‍പ്പെട്ട ഭരണഘടനയെ പരിഷ്കരിച്ചതും. പതിമുന്നാം നൂറ്റാണ്ടില്‍ ഉണ്ടായിട്ടുള്ളതെന്നു കരുതുന്ന 'അനന്തപുരവര്‍ണ്ണനം' എന്ന ഗ്രന്ഥത്തില്‍ അനന്തപുരക്ഷേത്രത്തെക്കുറിച്ചുള്ള പഴയ വിവരങ്ങളുണ്ട് .എ.ഡി. 1461-ല്‍ ക്ഷേത്രം പുതുക്കി പണിതീരുന്നു. പിന്നീട് ആദിത്യവര്‍മ്മന്‍റെ കാലത്ത് ക്ഷേത്രം അഞ്ചുവര്‍ഷത്തോളം പൂജയില്ലാതെ പൂട്ടിയിട്ടു. ഉമയമ്മറാണിയാണ് 1677-ല്‍ ക്ഷേത്രം തുറപ്പിച്ച് എഴുന്നുള്ളിപ്പ് നടത്തിയത്. 1686-ല്‍ തീപ്പിടുത്തത്തില്‍ ക്ഷേത്രം വെന്തു വെണ്ണീറാകുകയും ചെയ്തു. 38 വര്‍ഷങ്ങള്‍ക്കുശേഷം 1724-ലാണ് പിന്നീട് ക്ഷേത്രംപണി ആരംഭിച്ചത്. 1728-ലായിരുന്നു ദാനപ്രായശ്ഛിത്തം.അതിനടുത്ത വര്‍ഷമാണ് (1729-ല്‍) പ്രസിദ്ധനായ മാര്‍ത്താണ്ഡവര്‍മ്മ സിംഹാസനാരോഹണം ചെയ്യുന്നത്. 1731-ല്‍ ക്ഷേത്രം പണി പൂര്‍ത്തിയായി. ആ സമയത്താണ് ഇപ്പോഴത്തെ അനന്തപത്മനാഭന്‍ പ്രതിഷ്ഠിക്കപ്പെട്ടത്. ശ്രീബലിപ്പുര പണിയാന്‍ നാലായിരം കല്ലാശാരിമാരും , ആറായിരം കൂലിക്കാരും, 100 ആനകളും ഏഴുമാസം പണിയെടുത്തു എന്നാണ് കണക്ക്. 1566-ല്‍ അടിസ്ഥാനമിട്ട കിഴക്കെ ഗോപുരവും മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്താണ് അഞ്ചുനിലവരെ പണിതുയര്‍ത്തിയത്.(വിഗ്രഹം 12000 സാളഗ്രാമങ്ങള്‍ കൊണ്ട് കടുശര്‍ക്കര പ്രയോഗത്തില്‍ നിര്‍മ്മിച്ചതാണ്.നേപ്പാളിലെ ഗണ്ഡകിനദിയിലുണ്ടാകുന്ന സാളഗ്രാമങ്ങളില്‍ 24000 എണ്ണം നേപ്പാള്‍ രാജാവ് ആനപ്പുറത്തു കൊടുത്തയച്ചു എന്നും ഇതില്‍ 12000 എണ്ണം ഉപയോഗിച്ച് ""ബാലരണ്യകോണിദേവന്‍'' എന്ന ശില്പി കടുശര്‍ക്കരയില്‍ വിഗ്രഹം നിര്‍മ്മിച്ചു എന്നുമാണ് പഴമ) 1923 മകരം 5-ന് രാജ്യം പത്മനാഭന് തൃപ്പടിദാനം ചെയ്തു. ദാനപ്രമാണവും ഉടവാളും ക്ഷേത്രത്തിന്റെ തൃപ്പടിയില്‍ വെച്ചു. അതിനുശേഷം ഉടവാളെടുത്ത് പത്മനാഭദാസന്‍ എന്ന സ്ഥാനപ്പേരോടെയാണ് മാര്‍ത്താണ്ഡവര്‍മ്മ രാജഭരണം തുടങ്ങിയത്.

നിധി കാക്കുന്ന ഭൂതങ്ങള്‍ പഴയ മുത്തശ്ശി കഥകളിലെ കഥാപത്രമാണ്‌.നിധികള്‍ പലപ്പോഴും യാദൃശ്ചികമായണ്‌ കണ്ടെത്തുന്നത്.എങ്കിലും ചരിത്രത്തെ അടയാളപെടുത്തിയ നിരവധി സംഭവങ്ങള്‍ നിധിയുമായി ബന്ധപെട്ടിരിക്കും.
നിധികുംഭങ്ങള്‍ നിറഞ്ഞൊഴുകിയ നിണപാടുകള്‍ ചരിത്രത്തിന്റെ താളുകളില്‍ നമുക്ക് കാണാം.
വെട്ടിപിടുത്തത്തിന്റെ ശീല്‍ക്കാരങ്ങള്‍................
ചതിയുടെ ചെറിയ ഞരക്കങ്ങള്‍............
ത്യാഗത്തിന്റെ ആത്മഗതങ്ങള്‍........
വീണ്ടെടുത്ത നിധികളെ കുറിച്ച് ചരിത്രം വാചാലമാകുന്നുണ്ടെങ്കിലും പലപ്പൊഴും അതെങ്ങിനെ അവിടെയെത്തിയെന്ന കാര്യത്തില്‍ ചരിത്രം നിശബ്ദമാകുന്നു.
രസകരമായ നിധിവേട്ടകളെ കുറിച്ച്.......
ഉര്‍ നിവാസികള്‍...........
മധ്യ പൂര്‍വ്വ ദേശത്തെ ഒരു നാഗരികസമുഹമായിരുന്നു പുരാതന ഉര്‍ നിവാസികള്‍ (ഈ പൗരാണിക നഗരം ഇറാഖിലാണ്‌) 1922 -ല്‍ ഇരുപതാം നൂറ്റാണ്ടിലെ പ്രഗത്ഭ പുരാവസ്തു ഗവേഷകനായ 'ലിയോണാര്‍ഡ് വൂളി' ഇവിടെ പുരാവസ്തുക്കള്‍ക്കായുള്ള ആദ്യ തിരച്ചില്‍ നടത്തി.പന്ത്രണ്ട് വര്‍ഷം കൊണ്ട് ഉര്‍ ഭരിച്ചിരുന്നവരുടെ പതിനാറ് രാജകീയ കല്ലറകള്‍ ലിയോണാര്‍ഡ് കണ്ടെത്തി.എതാണ്ട് നാലായിരത്തി അഞ്ഞൂറ് വര്‍ഷം പഴക്കം ചെന്ന ഈ ശവകുടിരങ്ങളില്‍ പലതും തകര്‍ത്ത് വിലപെട്ടതെല്ലാം കവര്‍ന്നിരുന്നെങ്കിലും ആരും കാണാത്ത രണ്ടു ശവകുടീരങ്ങള്‍ ലിയോണാര്‍ഡിനും കൂട്ടര്‍ക്കും കണ്ടെത്താനായി.പിന്നിട് 'വന്‍ മരണക്കുഴി'എന്ന് പര്യവേഷകര്‍ വിശേഷിപ്പിച്ച ശവകുടിരത്തില്‍ നിന്ന് സ്വര്‍ണത്തിലും വെള്ളിയിലും തീര്‍ത്ത ഓരോ ശിരോകവചങ്ങള്‍ കണ്ടെത്തി.പിന്നെ കിന്നരം പൊലെയുള്ള മൂന്ന് സംഗീതോപകരണവും.ഇതില്‍ ഒരെണ്ണം സ്വര്‍ണത്തിലും മറ്റു രണ്ടെണ്ണം വെള്ളിയിലും തീര്‍ത്തവയായിരുന്നു.ഓരോ കിന്നരത്തിലും സ്വര്‍ണത്തിലൊ വെള്ളിയിലൊ ഉള്ള ആട്ടിന്‍ തലകള്‍ ഘടിപ്പിച്ചിരുന്നു. മറ്റെതില്‍ സ്വര്‍ണവും വെള്ളിയും നിറഞ്ഞ നിധി കുഭംങ്ങളായിരുന്നു.
എ.ഡി രണ്ടാം നൂറ്റാണ്ടു മുതല്‍ എഴുനൂറ് വര്‍ഷം പെറുവിന്റെ( തെക്കെ അമേരിക്ക) തീര പ്രദേശത്ത് നിലനിന്നിരുന്ന നാഗരികതയായിരുന്നു 'മോഷെ'. മരിച്ചവരെ അടക്കാന്‍ ഇഷ്ടിക കൊണ്ട് തറ കെട്ടിയ ശവകുടിരങ്ങളായിരുന്നു ഇവര്‍ പണിതിരുന്നത്.വിലപെട്ട വസ്തുക്കള്‍ ഉണ്ടെന്ന ധാരണയില്‍ 1980 ആയപ്പൊഴെയ്ക്കും മിക്ക ശവകുടിരങ്ങളും കൊള്ളക്കാര്‍ ഇളക്കി മറിച്ചിരിന്നു.
സിപാന്‍ താഴ്വര.................
1987 - ഫെബ്രുവരിയില്‍ പെറുവിന്റെ വടക്കന്‍ പട്ടണമായ ട്രുജില്ലോയ്ക്കടുത്ത സിപാന്‍ താഴ്വരയിലെ ഒരു ചെറിയ പിരമീഡ് ഒരു സംഘം കുത്തി പൊളിച്ചു.തകര്‍ന്ന് പിരമീഡില്‍ നിന്ന് ഒരു സ്വര്‍ണമുഖമുള്ള ഒരാള്‍ തങ്ങളെ സൂക്ഷിച്ചു നോക്കുന്നത് കണ്ട് കൊള്ളക്കാര്‍ ഞെട്ടി വിറച്ചു.പിന്നിടാണവര്‍ക്ക് മനസ്സിലായത് വെള്ളികൊണ്ടും രത്നം കൊണ്ടും ഉണ്ടാക്കിയ ഒരു മുഖമ്മൂടിയാണതെന്ന്.കട്ടി സ്വര്‍ണത്തില്‍ തീര്‍ത്ത പയര്‍മണികള്‍,സ്വര്‍ണാഭരണങ്ങള്‍,സ്വര്‍ണത്തിന്റെ ഓടക്കുഴല്‍ എന്നിങ്ങിനെ അമുല്യമായ ഒരു പാടു വസ്തുക്കള്‍. പക്ഷെ പോലിസെത്തി കൊള്ളക്കാരെ കൈയ്യോടെ പിടികൂടി.പിന്നിട് പുരാവസ്തു ഗവേഷകര്‍ക്ക് അവിടെ നിന്ന് കട്ടി സ്വര്‍ണത്തില്‍ തീര്‍ത്ത ഒരു കടുവതലയും ഒപ്പം മോഷെ സംസ്ക്കാരത്തെ കുറിച്ച് ഒട്ടനവധി അറിവും ലഭിച്ചു.
തുത്തന്‍ഖാമന്‍...............
മരിച്ച് മുവ്വായിരം വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ലോകപ്രശസ്തനായ ഈജിപ്തിലെ ജനങ്ങളുടെ പ്രിയംങ്കരനായിരുന്ന ചക്രവര്‍ത്തി തൂത്തന്‍ഖാമന്‍.....
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും അത്ഭുതകരമായ കണ്ടെത്തലുകളിലൊന്നായിരുന്നു ഈ ചക്രവര്‍ത്തിയുടെ ശവകുടീരം.നൈല്‍ നദിയുടെ പടിഞ്ഞാറന്‍ തീരത്ത് ബ്രിട്ടീഷുകരനായ പൂരാവസ്തു ഗവേഷകന്‍ ഹോവാര്‍ഡ് കാര്‍ട്ടറും അദ്ദേഹത്തിന്റെ സുഹൃത്ത് കാര്‍ണര്‍ വോണ്‍ പ്രഭുവും എട്ട് വര്‍ഷത്തെ തിരച്ചിലിനൊടുവിലാണ്‌ മുവായിരം കൊല്ലമായി ആരും തുറക്കാത്ത രാജകീയമായ ഈ ശവക്കല്ലറയുടെ വാതില്‍ തുറന്നത്. ശരിക്കും ഒരത്ഭുത ലോകം തന്നെയായിരുന്നു അത്.രത്നങ്ങള്‍ പതിച്ച സ്വര്‍ണ സിംഹാസനം,കിടക്കകള്‍,ശിരോകവചങ്ങള്‍,ആയുധങ്ങള്‍,മാലകള്‍...........വിലമതിക്കാനവാത്ത ഈ അറയ്ക്കു പിന്നില്‍ മറ്റൊരു അറയില്‍ തനി തങ്കത്തില്‍ തീര്‍ത്ത ആള്‍ത്താരയില്‍ കട്ടി സ്വര്‍ണത്തില്‍ പണിത ശവപ്പെട്ടിയില്‍ തുത്തന്‍ഖാമന്‍. ചക്രവര്‍ത്തിയുടെ മുറിയുടെ തൊട്ടടുത്തു തന്നെ അനേകം നിധി പേടകങ്ങള്‍ സൂക്ഷിച്ച നിധിപ്പുര.ഒപ്പം മരണത്തിന്റെ ദേവനായ ഓസിസ് ദേവനായി അദ്ദേഹത്തെ ചിത്രികരിക്കുന്ന അമുല്യമായ സ്വര്‍ണമുഖം മൂടിയും കണ്ടെടുത്തു.
എത്രുസ്കാന്‍......
ഉത്തര-മധ്യ ഇറ്റലിയിലെ മിക്ക പ്രദേശങ്ങളുടെയും അധിപരായിരുന്ന ഒരു പുരാതന വംശമായിരുന്നു എത്രുസ്കാന്‍.(ഈ നാഗരികത നശിച്ചത് പില്‍ക്കാലത്തെ റോമന്‍ ആക്രമണത്തിലാണ്‌)ഒട്ടു മിക്ക പുരാതന നാഗരികതയെയും പോലെ തന്നെ എത്രുസ്കാന്‍ നാഗരികതയും നൂറ്റാണ്ടുകളൊളം ആരുമറിയാതെ കടന്നു പോയി. പക്ഷെ 1728 ല്‍ 'വൊള്‍ട്ടെറാ' പട്ടണം എന്തിനൊ കുഴിച്ച ജോലിക്കാര്‍ ഞെട്ടി പോയി.സ്വര്‍ണത്തിലും വെള്ളിയിലും തീര്‍ത്ത അമുല്യ വസ്തുക്കളുടെ വലിയ ഒരു ശേഖരം.ചരിത്രത്തിലെക്ക് ഒരു സംഭാവനയും പക്ഷെ ആ നിധി ശേഖരത്തിനു തരാന്‍ കഴിഞ്ഞില്ല.ഈ വസ്തുക്കളെല്ലാം ജനങ്ങള്‍ കൊള്ളയടിക്കുകയായിരുന്നു,ആ മനോഹരമായ ശവകുടിരങ്ങളീലെ അസ്ഥികൂടങ്ങള്‍ വരെ നശിപ്പിച്ചുകൊണ്ട്.
മൈസെന.........
ട്രോജന്‍കാരോട് പട പോരുതിയ അഗാമെംനോന്‍ രാജാവിന്റെ നഗരം.......
ബി.സി.468 ല്‍ അര്‍ഗോസിന്റെ ആക്രമണത്തില്‍ ഈ പുരാതന നഗരം തകര്‍ക്കപെട്ടു.1876ല്‍ ഷില്‍മാന്‍(ജര്‍മന്‍) മൈസെന നഗരാവിഷ്ടങ്ങള്‍ കുഴിച്ചു നോക്കി ഫലം,കണ്ണഞ്ചിപ്പിക്കുന്ന നിധി ശേഖരങ്ങള്‍....സ്വര്‍ണത്തിലും വെള്ളിയിലും ഓടിലും തീര്‍ത്ത കണക്കില്ലാത്ത ആഭരണങ്ങള്‍......നാണയങ്ങള്‍....പാത്രങ്ങള്‍.....കട്ടി സ്വര്‍ണം കൊണ്ട് മുഖം മൂടി വച്ചിരുന്ന മൂന്ന് അസ്ഥികൂടങ്ങള്‍......
വെര്‍ജിന......
മാസിഡോണിയയിലെ വെര്‍ജിന ഗ്രാമത്തിലെ വളരെ മുന്‍പു തന്നെയുള്ള ഒരു മണ്‍കൂന 1977ല്‍ ഗ്രീസിലെ പുരാവസ്തു ഗവേഷകനായ മനോലിസ് ആന്‍ഡ്രോനിക്കൊവ് കുഴിച്ചു നോക്കി.ഒരു ശവക്കല്ലറ. അതിന്റെ കല്ലുകൊണ്ടുള്ള വാതില്‍ തുറന്നപ്പോള്‍ കണ്ടത് ഓരോ പേടകം നിറയെ സ്വര്‍ണവും വെള്ളിയും.......
സെനോബിയ രാജ്ഞി..........
എ.ഡി.272ല്‍ പാള്‍മിറയിലെ രാജ്ഞി സെനോബിയ റോമന്‍ സൈന്യത്തോട് ഏറ്റുമുട്ടി പരാജയപെട്ടു.അവിടെ നിന്ന് കൊള്ളയടിച്ച സ്വര്‍ണവും വെള്ളിയും രത്നങ്ങളൊടുമൊപ്പം ഓറേലിയന്‍ ചക്രവര്‍ത്തിയുടെ റോമിലേക്കുള്ള വിജയഘോഷയാത്രയിലെ പ്രധാന ആകര്‍ഷണം സ്വര്‍ണ ചങ്ങലയാല്‍ ബന്ധിതയായ സെനോബിയ.....
സെനോബിയക്കും സ്വര്‍ണ നിറം........

കുട്ടി വായിക്കാന്‍.....
ഒരു കഥ.....
ഒരാള്‍ തന്റെ സ്വത്തുക്കള്‍ സ്വര്‍ണകട്ടികളാക്കി കുഴിച്ചിടുന്നു.കുറേ നാളുകള്‍ക്ക് ശേഷം നോക്കുമ്പോള്‍ സ്വര്‍ണകട്ടികള്‍ക്ക് പകരം കല്ലുകള്‍.അയല്‍ക്കാരനെ സംശയിച്ച അയാള്‍ രാജവിന്‌ പരാതി കൊടുത്തു.പരാതി രാജാവ് തള്ളി കാരണം, ഉപയോഗിക്കാത്ത സ്വര്‍ണം കല്ല് തന്നെ.7 comments:

 1. ഉപയോഗിക്കാത്ത സമ്പത്ത് കല്ലിനു സമാനം തന്നെ ...എല്ലാവരും ആ വഴിക്ക് ചിന്തിച്ചിരുന്നു എങ്കില്‍ രാജ്യത്തെ കുറച്ചു പ്രശ്നങ്ങള്‍ എങ്കിലും പരിഹരിക്കപ്പെട്ടെനെ ..ചരിത്രം അടക്കമുള്ള വിശദമായ കുറിപ്പ് വിജ്ഞാന പ്രദമായി ..:)

  ReplyDelete
 2. വിക്ഞാന പ്രദമായ പോസ്റ്റ് നന്ദി

  ReplyDelete
 3. വളരെ വിജ്ഞാനപ്രദമായ പോസ്റ്റ്. നിധി കണ്ടെടുത്തതല്ല അത് ആരൊക്കെ എങ്ങിനെയൊക്കെ ഉപയോഗിക്കണം എന്നതായിരിക്കും കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുവാന്‍ പോകുന്നത്.

  ReplyDelete
 4. ഈ നിധി വിജ്ഞാന കോശം വളരെ ആകാംക്ഷയോടെയും, കൌതുകത്തോടെയും , സര്‍വോപരി തികഞ്ഞ ശ്രാദ്ധയോടെയും വായിച്ചു . ചരിത്ര വിദ്യാര്‍ഥികളും , പൊതുവിജ്ഞാന കുതുകികളും അവശ്യം വായിക്കേണ്ട ഈ ലേഖനത്തിനും ഒരു നിധിയുടെ തിളക്കം . വിവര ശേഖരണത്തില്‍ പ്രകടിപ്പിച്ച മാസ്മരിക വൈദഗ്ദ്യം അഭിനന്ദനീയം .തോട്ടുകൂട്ടാനെന്ന പോലെ കൂട്ടിവായിക്കാന്‍ തന്നതില്‍ നെല്ലിക്കയുടെ കയ്പ്പും മധുരവും ഗുണഗണങ്ങളും . ഈ യാത്ര തുടരുക .ഭാവുകങ്ങള്‍ .

  ReplyDelete
 5. ഉപയോഗിക്കാത്ത സ്വര്‍ണം കല്ല് തന്നെ.

  ReplyDelete
 6. asha chetta.....kalakki..........ഒരു അസുഖം വന്നു കുടുംബ ബഡ്ജറ്റ് താളം തെറ്റുമ്പോള്‍ , കൈയിലിരുന്ന കാശ് കളഞ്ഞു പോകുമ്പോള്‍......അപ്പൂപ്പന്‍ പറയുമായിരുന്ന വാക്കുകള്‍ ഇപ്പോള്‍ ഓര്‍മ വരുന്നു.......
  "പണം പപ്പനാവന്റെ....അത് ഇന്ന് വരും നാളെ പോകും..."

  ReplyDelete
 7. ബ്ലോഗേഴ്‌സിന്റെ ഒരു വാട്‌സ്അപ്പ് ഗ്രൂപ്പുണ്ടാക്കുന്നു നമ്പര്‍ തരാമോ ? എന്റെ വാട്‌സ്അപ്പ് നമ്പര്‍ 00971 564972300
  (രാമു, നോങ്ങല്ലൂര്‍ രേഖകള്‍)


  ReplyDelete